'യുപിയിലൂടെ' ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാനുള്ള മോദി സര്‍ക്കാര്‍ ശ്രമത്തിനൊപ്പം എം.എ യൂസഫലിയും; നിര്‍മ്മിക്കുന്നത് 2000 കോടി വീതം നിക്ഷേപിക്കുന്ന നാലു ഷോപ്പിങ് മാളുകള്‍; സമ്പദ് വ്യവസ്ഥയില്‍ മുന്‍നിരയിലെത്താനുള്ള 'മോദി 2.0' സ്വപ്‌നത്തില്‍ മലയാളി കയ്യൊപ്പ് പതിയുമ്പോള്‍

July 29, 2019 |
|
News

                  'യുപിയിലൂടെ' ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാനുള്ള മോദി സര്‍ക്കാര്‍ ശ്രമത്തിനൊപ്പം എം.എ യൂസഫലിയും; നിര്‍മ്മിക്കുന്നത് 2000 കോടി വീതം നിക്ഷേപിക്കുന്ന നാലു ഷോപ്പിങ് മാളുകള്‍; സമ്പദ് വ്യവസ്ഥയില്‍ മുന്‍നിരയിലെത്താനുള്ള 'മോദി 2.0' സ്വപ്‌നത്തില്‍ മലയാളി കയ്യൊപ്പ് പതിയുമ്പോള്‍

ലഖ്നൗ: ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാനുള്ള മോദി 2.0 സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒപ്പം മലയാളി വ്യവസായി എം.എ യൂസഫലിയും. 65000 കോടി രൂപയുടെ വ്യവസായ പദ്ധതികള്‍ യുപിയില്‍ നടപ്പിലാക്കി വരുന്ന വേളയിലാണ് മലയാളികള്‍ക്ക് അഭിമാനമുണ്ടാക്കുന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളിന്റെ നിര്‍മ്മാണം ലഖ്‌നൗവില്‍ പുരോഗമിക്കുന്നതിന് പിന്നാലെയാണ് നാലു പുതിയ മാളുകള്‍ കൂടി വരുമെന്ന് ലുലു ഗ്രൂപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ നിര്‍മ്മിക്കുന്ന മാളിന്റെ പണികള്‍ എഴുപത് ശതമാനം പൂര്‍ത്തിയായെന്നും 2020ല്‍ ഇത് പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കിയിരിക്കുന്നത്.

യു.പി. നിക്ഷേപക സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  മാത്രമല്ല ഡല്‍ഹിക്ക് സമീപം സാഹിബാബാദില്‍ പുതിയ ഷോപ്പിങ് മാള്‍ പണിയുമെന്ന് ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിച്ചു. നിര്‍മാണത്തിലിരിക്കുന്ന ലഖ്നൗവിലെ മാള്‍, നേരത്തേ പ്രഖ്യാപിച്ച വാരാണസി, നോയിഡ മാളുകള്‍ എന്നിവയ്ക്കു പുറമേയാണിത്. ഓരോ മാളിനും ഏതാണ്ട് 2000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഓരോന്നും 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

ഷോപ്പിങ് മാളുകള്‍ക്ക് പുറമെ ഉത്തര്‍ പ്രദേശില്‍ വലിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം ആരംഭിക്കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്ന് 23ഓളം രാജ്യങ്ങളിലേയ്ക്ക് ലുലു ഗ്രൂപ്പ് പഴവര്‍ഗങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും കയറ്റിയയ്ക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ വ്യവസായ സൗഹൃദനയം മൂലം ഗള്‍ഫ് മേഖലയില്‍ നിന്ന് ധാരാളം സംരംഭകര്‍ ഉത്തര്‍ പ്രദേശില്‍ നിക്ഷേപത്തിന് താത്പര്യം കാണിക്കുന്നുണ്ടെന്ന് യൂസഫലി പറഞ്ഞു. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന സമീപനമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. 

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ 65000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വാനോളം പുകഴ്ത്തിയ അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വിഭാവനം ചെയ്യുന്ന 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ വാതില്‍ ഉത്തര്‍ പ്രദേശാണെന്ന് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍ പ്രദേശിന്റെ വികസനത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്നും അമിത് ഷാ വിശദീകരിച്ചു. വികസനത്തിന് ഏറ്റവും അത്യാവശ്യമായ ക്രമസമാധാനം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷം ഉറപ്പാക്കിയിട്ടുണ്ടന്നും അമിത് ഷാ പറഞ്ഞു. 

സംസ്ഥാനത്ത് നടപ്പാക്കുന്ന 65000 കോടി രൂപയുടെ വ്യവസായ പദ്ധതികള്‍ വഴി മൂന്ന് ലക്ഷത്തോളം യുവാക്കള്‍ക്ക് ജോലി ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കയറ്റുമതിയില്‍ 28 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 65000 കോടി രൂപ മുതല്‍മുടക്ക് വരുന്ന 250 പദ്ധതികളാണ് സര്‍ക്കാര്‍ ഉത്തര്‍ പ്രദേശില്‍ പ്രഖ്യാപിച്ചിരിക്കുന്നത് . പദ്ധതി നടപ്പിലാക്കുന്നത് വഴി യുപിയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടു വരികയും ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുന്നതില്‍ യുപിയ്ക്ക് മുഖ് പങ്ക് സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

പ്രധാനമന്ത്രിയും ഇത് തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ഷാ കൂട്ടിച്ചേര്‍ത്തു.  ''പ്രധാനമന്ത്രിയാകാനുള്ള വഴിയൊരുങ്ങുന്നതു യു.പി.യിലൂടെയാണെന്നു കേട്ടിട്ടുണ്ട്. അതുപോലെ സമ്പദ്വ്യവസ്ഥയുടെ ലക്ഷ്യപൂര്‍ത്തീകരണവും യു.പി.യിലൂടെത്തന്നെയാണ് കൈവരിക്കാന്‍ പോവുന്നത്. 14-ാമതു ധനക്കമ്മിഷന്‍ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തിനുള്ള ധനവിഹിതം വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനവികസനത്തില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്'' -ഷാ പറഞ്ഞു. 

മാത്രമല്ല യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിനെ പറ്റിയും ഷാ വ്യക്തമാക്കിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതിയില്ല. ആദിത്യനാഥ് ഒരു നഗരസഭപോലും ഭരിച്ചിട്ടില്ലെന്നും പിന്നെന്തുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നും പലരും ചോദിച്ചു. അതുശരിയാണ്. അദ്ദേഹമൊരു ക്ഷേത്രത്തിന്റെ തലവന്‍ മാത്രമായിരുന്നു. പക്ഷേ, മോദിയും ഞാനും ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു. അദ്ദേഹം കഠിനാധ്വാനിയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 

അസാധ്യമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

അതെസമയം രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് വലിയ തോതില്‍ ഇടിയുകയും, തൊഴിലില്ലായ്മാ നിരക്ക് നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനങ്ങളെന്നത് ശ്രദ്ധേയമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയായി മാറുകയെന്നത് അസാധ്യമാണെന്ന് ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

5 ട്രില്യണ്‍ സാമ്പത്തിക വ്യവസ്ഥയാകുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെയും സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവര്‍ ചോദ്യം ചെയ്യുകയുണ്ടായി. 5 ട്രില്യണ്‍ സാമ്പത്തിക വ്യവസ്ഥയാകുന്നതിനായി 2022ാമാണ്ടോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാമി തള്ളിയിരുന്നു. 

Related Articles

© 2025 Financial Views. All Rights Reserved