
അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഗ്രേറ്റര്‍ നോയിഡയില്‍ 200 കോടി രൂപ നിക്ഷേപിച്ച് ഉത്തര്‍പ്രദേശില്‍ വിപുലമായ പദ്ധതിക്കൊരുങ്ങുന്നു. സംസ്ഥാനത്തെ കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലകളിലേക്കാണ് ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുക. ഇതിനായി യു പി സര്‍ക്കാര്‍ ഗ്രേറ്റര്‍ നോയിഡയില്‍ 20 ഏക്കര്‍ അനുവദിച്ചു. ഒരു കാര്‍ഷിക ഉല്‍പാദന സോഴ്‌സിംഗ്, പ്രോസസ്സിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക് സെന്റര്‍ എന്നിവയ്ക്കായാണ് 200 കോടി രൂപ മുതല്‍ മുടക്കുന്നത്. യു പിയിലെ ലഖ്‌നൗവില്‍ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ സ്ഥാപിക്കാന്‍ ലുലു ഗ്രൂപ്പ് ഇതിനകം രണ്ടായിരം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
പ്രവാസി ബിസിനസുകാരനായ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ കീഴില്‍ മിഡില്‍ ഈസ്റ്റ്, ഈജിപ്ത്, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ 197 ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും നടത്തിവരുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഇവിടങ്ങളിലേക്ക് 3500 കോടിയുടെ പഴങ്ങളും പച്ചക്കറികളുമാണ് ഭക്ഷണ സാധനങ്ങളുമാണ് കയറ്റി അയക്കുന്നത്. നോയിഡയിലെ പദ്ധതി കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ഇത് കൂടുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ഒരു ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തില്‍ 60 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞമാസം ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. അവിടെ നിന്ന് നൂറുകണക്കിന് കോടി രൂപയുടെ പഴങ്ങളും പച്ചക്കറികളും ഉണങ്ങിയ പഴങ്ങളും ഉല്‍പാദിപ്പിക്കുന്നുണ്ട്. യുപി ഏറ്റവും നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുന്നുവെന്നും നിക്ഷേപക ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാരിനു നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു.