അഹമ്മദാബാദിലും ലുലു മാള്‍ വരുന്നു; 2,000 കോടി രൂപ മുതല്‍മുടക്ക്

December 11, 2021 |
|
News

                  അഹമ്മദാബാദിലും ലുലു മാള്‍ വരുന്നു;   2,000 കോടി രൂപ മുതല്‍മുടക്ക്

ദുബൈ: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കാന്‍ ലുലു ഗ്രൂപ്പ് തീരുമാനം. യു.എ.ഇയിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. 2,000 കോടി രൂപ മുടക്കില്‍ അഹമ്മദാബാദിനും ഗാന്ധിനഗറിനുമടുത്ത് ലുലു മാള്‍ നിര്‍മ്മിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ ലുലു ഗ്രൂപ്പും ഗുജറാത്ത് സര്‍ക്കാരും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പ് വെച്ചു. ഗുജറാത്ത് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്തയും ലുലു ഗ്രൂപ്പിനെ പ്രതിനിധികരിച്ച് എം.എ. യൂസഫലിയുമാണ് ഒപ്പ് വെച്ചത്.

അടുത്ത വര്‍ഷം ആദ്യം നിര്‍മ്മാണം തുടങ്ങും. 30 ഏക്കര്‍ സ്ഥലം ഗുജറാത്ത് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് അനുവദിക്കും. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 5,000 ആളുകള്‍ക്ക് നേരിട്ടും 10,000 അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കും. പദ്ധതിയുടെ തുടര്‍ ചര്‍ച്ചകള്‍ക്കായി ലുലു ഗ്രൂപ്പിന്റെ ഉന്നതതല സംഘം ഉടന്‍ ഗുജറാത്ത് സന്ദര്‍ശിക്കും. ബറോഡ, സൂറത്ത് എന്നിവിടങ്ങിളില്‍ ഭക്ഷ്യ സംസ്‌കരണ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുവാനും തീരുമാനമായിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുന്നതിന് ഗുജറാത്ത് മുഖ്യമന്ത്രിയെ യൂസഫലി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. കേരളം സന്ദര്‍ശിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

എഴുപതുകളുടെ തുടക്കത്തില്‍ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് വൈകാരിക ബന്ധമാണുള്ളതെന്ന് യൂസഫലി പറഞ്ഞു. തന്റെ പിതാവും മറ്റ് കുടുംബാംഗങ്ങളും വര്‍ഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയത്. ഗുജറാത്തിന്റെ വാണിജ്യ രംഗത്ത് പുതിയ അനുഭവമായിരിക്കും ലുലു മാള്‍ നല്‍കുകയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ജനുവരിയില്‍ ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി യൂസഫലിയെ യോഗത്തില്‍ ക്ഷണിച്ചു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved