ഉത്തര്‍പ്രദേശില്‍ 500 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി ലുലു ഗ്രൂപ്പ്

December 30, 2021 |
|
News

                  ഉത്തര്‍പ്രദേശില്‍ 500 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി ലുലു ഗ്രൂപ്പ്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 500 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി ലുലു ഗ്രൂപ്പ്. നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങി പ്രമുഖ വ്യാപാര - ഭക്ഷ്യസംസ്‌കരണ ശ്രംഖലയായ ലുലു ഗ്രൂപ്പ്. പാര്‍ക്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി.

ലോകോത്തര നിലവാരമുള്ള സംവിധാനം ഉത്തര്‍പ്രദേശിലെ കാര്‍ഷിക മേഖലയ്ക്ക് വലിയ കൈത്താങ്ങായി മാറുമെന്ന് എം എ യൂസഫലി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിശദീകരിച്ചു. പ്രാദേശികമായ സംഭരണത്തിലൂടെയടക്കം 20,000 ടണ്‍ പഴങ്ങളും - പച്ചക്കറികളും കയറ്റുമതി ചെയ്യാനും, ലോകത്തുടനീളമുള്ള ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടെ വിതരണം ചെയ്യാനുമാണ് ഭക്ഷ്യ - സംസ്‌കരണ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്.

എട്ട് മാസത്തിനകം സജ്ജമാകുന്ന പദ്ധതിയിലൂടെ 3000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിയ്ക്കുന്നത്. ചടങ്ങില്‍ ഭക്ഷ്യ-സംസ്‌കരണ പാര്‍ക്കിന്റെ മാതൃക മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാവരണം ചെയ്തു. കര്‍ഷകര്‍ക്ക് മികച്ച ലാഭം ഉറപ്പാക്കാന്‍ ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിയ്ക്കുന്ന രീതിയായിരിക്കും പിന്തുടരുകയെന്നും എംഎ യൂസഫലി വ്യക്തമാക്കി. 500 കോടി രൂപയാണ് അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാകുന്ന പാര്‍ക്കിന്റെ ആദ്യഘട്ട നിക്ഷേപം. 700 പേര്‍ക്ക് നേരിട്ടും 1500ലധികം പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ ലഭിയ്ക്കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

2000 കോടി രൂപ നിക്ഷേപത്തില്‍ ലഖ്നൗവില്‍ സജ്ജമാകുന്ന ലുലു മാളിന്റെ ഉദ്ഘാടനം 2022 ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന് എം എ യൂസഫലി. ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റോടു കൂടി സജ്ജമാകുന്ന ലുലു മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അറിയിച്ചു. ലഖ്നൗവിലെ അമര്‍ ഷഹീദ് റോഡില്‍ സ്ഥിതി ചെയ്യുന്ന ലുലു മാളിന്റെ വിസ്തീര്‍ണ്ണം 22 ലക്ഷം ചതുരശ്രയടിയാണ്. 200ലധികം അ്ന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ലോകോത്തര നിലവാരമുള്ള എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍, 3000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന ഫുഡ് കോര്‍ട്ട്, വിവിധ രാജ്യങ്ങളിലെയടക്കം ഭക്ഷ്യ വിഭവങ്ങള്‍ ലഭ്യമാകുന്ന റെസ്റ്റോറന്റുകള്‍, പിവിആര്‍ ഗ്രൂപ്പ് ഒരുക്കുന്ന 11 സ്‌ക്രീന്‍ തീയറ്റര്‍, 3000ത്തിലധികം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനം എന്നിവയടക്കമാണ് ലഖ്നൗവിലെ ലുലു മാളിന്റെ പ്രത്യേകതകള്‍.

ലഖ്നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റര്‍ നോയിഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്ര ഭൂഷണ്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് ഉത്തരവ് കൈമാറുകയായിരുന്നു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി, മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്തു.

Related Articles

© 2025 Financial Views. All Rights Reserved