
ഡിബിഎസ് ബാങ്കുമായുള്ള ലയനത്തിനെതിരെ ലക്ഷ്മി വിലാസ് ബാങ്കിന്റെ പ്രൊമോട്ടര്‍മാര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാഖകളെല്ലാം ഡിബിഎസ് ബാങ്കായി 27ന് പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് റിസര്‍വ് ബാങ്കിനും ഡിബിഎസിനുമെതിരെ ഹര്‍ജി നല്‍കിയത്. ലയനം സംബന്ധിച്ച അന്തിമ പദ്ധതിക്ക് നല്‍കിയ അംഗീകാരം ചോദ്യംചെയ്താണ് ഹര്‍ജി. വ്യാഴാഴ്ചതന്നെ ഹര്‍ജി കോടതി പരിഗണിച്ചേക്കും.
ഡിബിഎസ് ബാങ്കുമായുള്ള ലയന പദ്ധതിപ്രകാരം നിലവിലുള്ള ഓഹരി മൂലധനം പൂര്‍ണമായും എഴുതിതള്ളാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഓഹരി ഉടമകള്‍ക്ക് നിക്ഷേപം പൂര്‍ണമായും നഷ്ടമാകും. ലക്ഷ്മി വിലാസ് ബാങ്കിലെ പ്രൊമോട്ടര്‍മാര്‍ക്ക് നിലവില്‍ 6.80ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.