
ഓഹരി വിപണി എക്കാലത്തെയും ഉയരം കുറിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൂല്യം 2,70,24,154 കോടി രൂപയിലെത്തി. അഞ്ചാമത്തെ ദിവസവും വിപണി മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്സ് 376 പോയിന്റ് ഉയര്‍ന്ന് 60,660ലെത്തി. അഞ്ചുദിവസം കൊണ്ട് 1,471 പോയിന്റാണ് സെന്‍സെക്സ് കുതിച്ചത്.
വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഓഹരികള്‍ വിറ്റൊഴിയുമ്പോഴാണ് വിപണിയിലെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് വിപണിയിലെ നിലവിലെ കുതിപ്പിന് പിന്നില്‍. വിപണിയില്‍ നേരിയ ഇടിവുണ്ടാകുമ്പോള്‍ വാങ്ങുകയും കുതിക്കുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്നതിനാലാണ് കാര്യമായ തിരുത്തലുണ്ടാകാതെ വിപണി മുന്നോട്ടുപോകുന്നത്.
നിലവില്‍ ഈ പ്രവണതക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും ഇതെത്രകാലം തുടരുമെന്ന് പറയാനാകില്ലെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ വികെ വിജയകുമാര്‍ പറയുന്നു. ഇന്‍ഫോസിസ്, വിപ്രോ, മൈന്‍ഡ് ട്രീ എന്നി ഐടി കമ്പനികളുടെ രണ്ടാംപാദഫലങ്ങള്‍ ഇന്ന് പുറത്തുവരും. ടിസിഎസിന്റെ പ്രവര്‍ത്തനഫലം വിപണിയെ സ്വാധീനിക്കാത്ത സാഹചര്യത്തില്‍ ഐടി മേഖലക്ക് പ്രധാനപ്പെട്ട ദിനമാണിന്ന്.