
ദുബായ്: കേരളത്തിന്റെ വിശ്വപൗരന്‍മാരില്‍ ഒരാളാണ് വ്യവസായിയായ എംഎ യൂസഫലി. ശതകോടീശ്വരനായ യൂസഫലിയുടെ പ്രധാന വ്യാപര മേഖല ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്. റീട്ടെയില്‍ മേഖലയില്‍ ലോകോത്തര കമ്പനികളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. 250 കമ്പനികളുടെ പട്ടികയാണ് പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡെലോയിറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍.
ലോകത്തിലെ ഏറ്റവും വലിയ നാല് അക്കൗണ്ടിങ് സ്ഥാപനങ്ങളില്‍ ഒന്നാണ് ഡെലോയിറ്റ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൊഷഫണല്‍ സര്‍വ്വീസ് ശൃംഖലയും ഇവരുടേതാണ്. ലണ്ടനില്‍ ആണ് ആസ്ഥാനം. ലോകത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന 250 റീട്ടെയില്‍ സ്ഥാപനങ്ങളുടെ പട്ടികയാണ് ഇവര്‍ തയ്യാറാക്കിയിട്ടുള്ളത്.
ഈ പട്ടികയില്‍ ഇടം നേടിയ ഏക മലയാളി സ്ഥാപനം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ്. യുഎഇയില്‍ നിന്നുള്ള സ്ഥാപനം ആയാണ് ലുലുവിനെ കണക്കാക്കിയിരിക്കുന്നത്. യുഎഇയില്‍ നിന്നുള്ള ക്യാരിഫോര്‍ എന്ന മാജിദ് അല്‍ ഫുത്തൈം സ്ഥാപനവും പട്ടികയില്‍ ഉണ്ട്. 250 സ്ഥാപനങ്ങളുടെ പട്ടികയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സ്ഥാനം 141 ആണ്. മാജിദ് അല്‍ ഫുത്തൈം 138-ാം സ്ഥാനത്താണുള്ളത്. ആഗോള പട്ടികയില്‍ ഇത് അത്ര ചെറിയ സ്ഥാനം അല്ല.
ഡെലോയിറ്റിന്റെ ആഗോള റീട്ടെയില്‍ സ്ഥാപന പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഒരു സ്ഥാപനം മാത്രമേ ഇടം നേടിയിട്ടുള്ളു. അത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിലയന്‍സ് റീട്ടെയില്‍ ആണ്. ഡെലോയിറ്റിന്റെ 2019 ലെ പട്ടികയിലും ഇടം നേടിയ സ്ഥാപനങ്ങളാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും റിലയന്‍സ് റീട്ടെയിലും. കഴിഞ്ഞ വര്‍ഷം 138-ാം സ്ഥാനത്തായിരുന്ന ലുലു ഇത്തവണ 141-ാം സ്ഥാനത്തായി. എന്നാല്‍ കഴിഞ്ഞ തവണ 94-ാം സ്ഥാനത്തുണ്ടായിരുന്ന റിലയന്‍സ് റീട്ടെയില്‍ ഇത്തവണ 56-ാം സ്ഥാനത്തെത്തി.
പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്റ്റോഴ്സ് ആണ്. രണ്ടാം സ്ഥാനത്ത് അമേരിക്കയിലെ തന്നെ കോസ്റ്റ്കോ ഹോള്‍സെയില്‍ കോര്‍പ്പറേഷനും മൂന്നാം സ്ഥാനത്ത് ആമസോണ്‍ ഡോട്ട് കോമും ആണ്. ആദ്യ പത്ത് കമ്പനികളില്‍ ഏഴെണ്ണവും അമേരിക്കന്‍ കമ്പനികള്‍ ആണ്. ശേഷിക്കുന്നതില്‍ രണ്ട് ജര്‍മന്‍ കമ്പനികളും ഒരു യുകെ കമ്പനിയും ആണ്.
പട്ടികയില്‍ അല്‍പം താഴേക്ക് വന്നെങ്കിലും ലുലു ഗ്രൂപ്പ് വന്‍ കുതിപ്പിന് ഒരുങ്ങുകയാണിപ്പോള്‍. 14 ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പ് തുറന്നുകഴിഞ്ഞു. യുഎഇയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 12 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പുതിയതായി തുറക്കാനും പദ്ധതിയുണ്ട്.