
ടെലികോം ബിസിനസിലേയ്ക്കുള്ള കാല്‍വയ്പ്പ് തെറ്റായിപ്പോയെന്നു തുറന്നടിച്ച് കുമാര്‍ മംഗളം ബിര്‍ള. വൈവിദ്ധ്യമാര്‍ന്ന കമ്പനിയെ സംബന്ധിച്ചിടത്തോളം തീരുമാനം കഠിനമായ ഒന്നായിരുന്നുവെന്നും പല മേഖലകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സിങ്ക്-ലെഡ് ഖനന കമ്പനിയായ ഹിന്ദുസ്ഥാന്‍ സിങ്കിനെ കൈവിട്ടതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പശ്ചാത്താപമെന്നും ബിര്‍ള പറഞ്ഞു. നിലവില്‍, അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ സിങ്ക്.
2002-03ല്‍ സര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഭൂരിഭാഗം ഓഹരികളും വിറ്റഴിച്ചപ്പോഴാണ് വേദാന്ത ഗ്രൂപ്പ് ഉടമസ്ഥാവകാശം സ്ഥാപിച്ചത്. ടെലികോം ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ നന്നായി ചെയ്യാന്‍ കഴിയുമായിരുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത മേഖലകളില്‍ ഒന്നായി പോയി തെരഞ്ഞെടുത്തത്. ഈ അനുഭവങ്ങള്‍ പാഠങ്ങളാണ്. എന്നിരുന്നാലും, വോഡഫോണ്‍ ഐഡിയ (ആദിത്യ ബിര്‍ള ഗ്രൂപ്പിന് കമ്പനിയില്‍ 27 ശതമാനം ഓഹരിയുണ്ട്) ഒരു മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇപ്പോള്‍ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എജിആര്‍ കുടിശിക അടയ്ക്കുന്നതിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നാല് വര്‍ഷത്തെ മൊറട്ടോറിയും അടുത്തിടെയാണ് വോഡഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെല്ലും സ്വീകരിച്ചത്. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം മുന്‍ പാദത്തിലെ 7,319 കോടി രൂപയില്‍ നിന്ന് 7,132 കോടി രൂപയായി കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ദ്ധ വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 14,451 കോടി രൂപയാണ്. ആസ്തി 52,685 കോടി രൂപയും. സെപ്തംബര്‍ 30 വരെ ഗ്രൂപ്പിന്റെ മൊത്തം കടം 1.9 ലക്ഷം കോടി രൂപയാണ്.
2002 വരെ ഹിന്ദുസ്ഥാന്‍ സിങ്ക് ഒരു കേന്ദ്ര പൊതുമേഖലാ കമ്പനിയായിരുന്നു. 2002- 03ല്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയെ തന്ത്രപരമായ വില്‍പ്പനയ്ക്കു വിധേയമാക്കിയിരുന്നു. അന്ന് ഓഹരികള്‍ വാങ്ങാന്‍ കഴിയാതെ പോയതിലാണ് ബിര്‍ള ഇന്ന് സങ്കടം പ്രകടിപ്പിച്ചിരിക്കുന്നത്. വേദാന്തയാണ് ഓഹരികളിലൂടെ കമ്പനിയെ സ്വന്തമാക്കിയത്. നഷ്ടങ്ങളില്‍നിന്നു നഷ്ടങ്ങളിലേക്ക് ടെലികോം സംരംഭം കൂപ്പുകുത്തുന്ന സാഹചര്യത്തില്‍ തന്റെ പക്കലുള്ള ടെലികോം ഓഹരികള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവര്‍ക്കു കൈമാറാന്‍ തയാറാണെന്നു ബിര്‍ള അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.