സെബിയുടെ ചെയര്‍പേഴ്‌സണായി മാധബി പുരി ബുച്ചിയെ നിയമിച്ചു

February 28, 2022 |
|
News

                  സെബിയുടെ ചെയര്‍പേഴ്‌സണായി മാധബി പുരി ബുച്ചിയെ നിയമിച്ചു

മുംബൈ: മാധബി പുരി ബുച്ചിയെ സെബിയുടെ ചെയര്‍പേഴ്‌സണായി നിയമിച്ചു. സെബിയുടെ ചരിത്രത്തിലെ ആദ്യ വനിത അധ്യക്ഷയാണ് മാധബി പുരി ബുച്ചി. മൂന്ന് വര്‍ഷത്തേക്കാണ് അവരുടെ നിയമനം.  സെബിയുടെ മുഴുവന്‍സമയ അംഗമാകുന്ന ആദ്യത്തെ വനിത എന്ന നേട്ടവും നേരത്തെ മാധവി പുരി ബുച്ച് സ്വന്തമാക്കിയിരുന്നു.

നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി ഇന്ന് തീരാനാരിക്കെയാണ് മാധബി പുരി ബുച്ചിയുടെ നിയമനം. അജയ് ത്യാഗിക്ക് പുനര്‍നിയമനം നല്‍കിയേക്കും എന്ന തരത്തില്‍ ചില സൂചനകളുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ആദ്യവനിത ചെയര്‍പേഴ്‌സണിന്റെ പേര് പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഹിമാചല്‍ പ്രദേശ് കേഡറിലെ 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ത്യാഗിയെ 2017 മാര്‍ച്ച് 1 ന് മൂന്ന് വര്‍ഷത്തേക്ക് സെബി ചെയര്‍മാനായി നിയമിച്ചു. തുടര്‍ന്ന്, അദ്ദേഹത്തിന് ആറ് മാസത്തെ കാലാവധി നീട്ടി നല്‍കുകയും പിന്നീട് 2020 ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ കാലാവധി 18 മാസം കൂടി നീട്ടുകയും ചെയ്തു.

2009-11 കാലത്ത് ഐസിഐസിഐ സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടറും സിഇഒയുമായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു. 2011ല്‍ ഐസിഐസിഐ വിട്ട അവര്‍ സിംഗപ്പൂരിലെ ജോയിന്‍ ഗ്രേറ്റര്‍ പസിഫിക് ക്യാപിറ്റല്‍ കമ്പനിയിലും പ്രവര്‍ത്തിച്ചിരുന്നു. സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ നിന്നും സെബിയിലേക്ക് എത്തുന്ന ആദ്യ വനിത എന്ന അപൂര്‍വ്വതയം മാധവി പുരി ബുച്ചി സ്വന്തമാക്കുകയാണ്. കേന്ദ്രധനകാര്യമന്ത്രാലയമാണ് സെബി അധ്യക്ഷന്റെ നിയമനം തീരുമാനിക്കുന്നത്. പദവിയിലേക്ക് നേരത്തെ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. നിയമനനടപടികള്‍ പുരോഗമിക്കുകയാണെന്ന് നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമനും വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് ഒന്നിന് ചുമതലയേല്‍ക്കും.

Related Articles

© 2024 Financial Views. All Rights Reserved