
ചെന്നൈ: സ്വിറ്റ്‌സര്‍ലന്‍ഡിലെ കമ്പനിയായ എസ്ആര്‍ ടെക്‌നിക്‌സിന് 24 മില്യന്‍ ഡോളര്‍ (ഏകദേശം 180 കോടി രൂപ) കുടിശിക വരുത്തിയെന്ന പരാതിയില്‍, വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ മുഴുവന്‍ സ്വത്തുക്കളും ഏറ്റെടുക്കാന്‍ ഔദ്യോഗിക ലിക്വിഡേറ്റര്‍ക്കും കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ രാവിലത്തെ ഉത്തരവ് ഉച്ചയ്ക്കു സ്റ്റേ ചെയ്ത് കോടതി സ്‌പൈസ്‌ജെറ്റിനു മൂന്നാഴ്ച സാവകാശം നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ 50 ലക്ഷം ഡോളറിനു തുല്യമായ തുക കമ്പനി കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയോടെയാണു സ്റ്റേ.
കോടതി ഉത്തരവിന്മേല്‍ അപ്പീല്‍ നല്‍കുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കുമെന്നു സ്‌പൈസ്‌ജെറ്റ് പറഞ്ഞു. വിമാന എന്‍ജിനുകളുടെയും അനുബന്ധ ഘടകങ്ങളുടെയും അറ്റകുറ്റപ്പണിക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെ എസ്ആര്‍ ടെക്‌നിക്‌സുമായി 2011 നവംബര്‍ 24ന് സ്പൈസ് ജെറ്റ് 10 വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തിയത് ഉള്‍പ്പെടെയുള്ള പണം സ്‌പൈസ് ജെറ്റ് നല്‍കാനിരിക്കെ, പണ ഇടപാടുകള്‍ നടത്താനുള്ള എല്ലാ അവകാശവും എസ്ആര്‍ ടെക്‌നിക്‌സ് 2012ല്‍ ക്രെഡിറ്റ് സ്വീസ് എന്ന ധനസേവനക്കമ്പനിക്കു കൈമാറി.
കുടിശികത്തുക ഉയര്‍ന്നതോടെ ക്രെഡിറ്റ് സ്വീസാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പണം അടയ്ക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്‌പൈസ് ജെറ്റ് പ്രതികരിച്ചില്ലെന്നും കരാര്‍ മാനിച്ചില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജിക്കാരുമായി നേരിട്ട് ഇടപാടുകള്‍ ഇല്ലെന്ന സ്‌പൈസ് ജെറ്റിന്റെ വാദം കോടതി അംഗീകരിച്ചില്ല. 2019 മുതല്‍ കമ്പനി വന്‍ സാമ്പത്തിക നഷ്ടത്തിലാണ്.