
മുംബൈ: സംസ്ഥാനത്തെ സ്വകാര്യ ലബോറട്ടറികളില്‍ നടത്തുന്ന കോവിഡ് -19 ടെസ്റ്റുകളുടെ നിരക്ക് 4,500 രൂപയില്‍ നിന്ന് 2,200 രൂപയായി കുറച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ ശനിയാഴ്ചയാണ് നിരക്ക് പകുതിയായി പരിഷ്‌കരിച്ചത്. ആശുപത്രികളില്‍ നിന്ന് വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയ (വിടിഎം) വഴിയുള്ള സാമ്പിള്‍ ശേഖരണത്തിന് 2,200 രൂപ ഈടാക്കും. അതേസമയം വീട്ടില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ 2,800 രൂപ ചിലവാകും. നേരത്തെ യഥാക്രമം 4,500 രൂപയും 5,200 രൂപയും ഈടാക്കിയിരുന്നു എന്ന് രാജേഷ് ടോപ്പെ പറഞ്ഞു. ഇത് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുക്കിയ നിരക്കുകള്‍ ലാബുകള്‍ക്ക് ഈടാക്കാന്‍ കഴിയുന്ന പരമാവധി തുകയാണെങ്കിലും നിരക്ക് കുറയ്ക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ സ്വകാര്യ ലാബുകളുമായി ചര്‍ച്ച നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ലാബുകള്‍ നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ ഈടാക്കുന്ന സാഹചര്യങ്ങളില്‍, അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാം. കോവിഡ് -19 നുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് സഹായകമാകുന്ന 95 ലാബുകള്‍ മഹാരാഷ്ട്രയിലുണ്ട്. അതില്‍ 54 എണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ബാക്കിയുള്ളവ സ്വകാര്യമാണ്.