
മുംബൈ: 18 മുതല്‍ 44 വരെ പ്രായക്കാര്‍ക്ക് സൗജന്യ കോവിഡ് വാക്‌സീന്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 6500 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്. ഈ പ്രായത്തിലുള്ളവര്‍ക്കു മേയ് ഒന്നു മുതല്‍ തന്നെ വാക്‌സീന്‍ നല്‍കി തുടങ്ങേണ്ടതില്ലെന്നും ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
മേയ് ഒന്നിന് തന്നെ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കു വാക്‌സീന്‍ നല്‍കുന്ന നടപടികള്‍ തുടങ്ങണമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ നിരവധി സംസ്ഥാനങ്ങള്‍ ആവശ്യത്തിന് വാക്‌സീന്‍ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നതു തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
'ഞങ്ങളുടെ കയ്യില്‍ ആവശ്യത്തിന് വാക്‌സീന്‍ സ്റ്റോക്ക് ഇല്ല. മേയ് ഒന്നു മുതല്‍ തന്നെ വാക്‌സിനേഷന്‍ തുടങ്ങില്ല. സ്റ്റോക്ക് എത്തുമ്പോള്‍ വാക്‌സീന്‍ നല്‍കി തുടങ്ങും' മന്ത്രി രാജേഷ് ടോപ് പ്രതികരിച്ചു. 1844 പ്രായക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ആറു മാസത്തില്‍ പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്പുട്‌നിക് വാക്‌സീന്‍ സംസ്ഥാനത്ത് എത്തിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സീന്‍ എന്നിവയാണു കുത്തിവയ്ക്കുന്നത്.