
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര റൈഡ് ഷെയറിംഗ് കമ്പനിയായ മെരു ട്രാവല്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി പുതിയ കരാറില്‍ ഏര്‍പ്പെടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മെരുവിന്റെ മറ്റ് ഓഹരി ഉടമകളുമായി കരാറില്‍ ഏര്‍പ്പെടുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റൈഡ് ഷെയറിംഗ് കമ്പനിയിലെ മുഴുവന്‍ ഓഹരികളും ഏറ്റെടുക്കുന്നതിനാണ് മഹീന്ദ്ര തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ഏറ്റെടുക്കല്‍ വഴി മൊബിലിറ്റി സര്‍വീസ് ബിസിനസില്‍ സാന്നിധ്യം ശക്തമാക്കുകയാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ലക്ഷ്യം. മെരുവിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവീണ്‍ ഷാ ചുമതലയേല്‍ക്കും. 2017 മാര്‍ച്ച് വരെ മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റായിരുന്നു അദ്ദേഹം. മെരു സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നീരജ് ഗുപ്ത ഏപ്രില്‍ 30 ന് സ്ഥാനമൊഴിഞ്ഞു. എന്നാല്‍ ജൂണ്‍ 30 വരെ ജീവനക്കാരനായി ജോലി ചെയ്യും.
ട്രൂ നോര്‍ത്ത് എന്ന പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരുടെയും മറ്റുള്ളവരുടെയും 44.14 ശതമാനം ഓഹരികള്‍ 76.03 കോടി രൂപ നല്‍കിയും നീരജ് ഗുപ്ത, ഫര്‍ഹാത്ത് ഗുപ്ത എന്നിവരുടെ കൈവശമുള്ള 12.66 ശതമാനം ഓഹരികള്‍ 21.63 കോടി രൂപ നല്‍കിയുമാണ് ഏറ്റെടുക്കുന്നത്. ഇതോടെ മെരുവിന്റെ മുഴുവന്‍ ഓഹരികളും മഹീന്ദ്രയുടെ കൈകളിലാകും. നിലവില്‍ 43.20 ശതമാനം ഓഹരികളാണ് മഹീന്ദ്ര കയ്യാളുന്നത്. 2006 ലാണ് മെരു കാബ്സ് സ്ഥാപിച്ചത്.