കടം കയറി, ഇനി രക്ഷയില്ല; സാങ്യോങിനെ വില്‍ക്കാന്‍ ഒരുങ്ങി മഹീന്ദ്ര

January 02, 2021 |
|
News

                  കടം കയറി, ഇനി രക്ഷയില്ല; സാങ്യോങിനെ വില്‍ക്കാന്‍ ഒരുങ്ങി മഹീന്ദ്ര

ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ സാങ്യോങിനെ വില്‍ക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. കടബാധ്യതയില്‍പ്പെട്ടു കിടക്കുന്ന സാങ്യോങ്ങിലെ ഭൂരിപക്ഷം ഓഹരികളും മഹീന്ദ്ര വിറ്റഴിക്കും. സാങ്യോങ്ങിലെ മഹീന്ദ്രയുടെ ഓഹരികള്‍ വില്‍ക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. വിഷയത്തില്‍ ഫെബ്രുവരി അവസാനവാരം അന്തിമ തീരുമാനമുണ്ടാകുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്കെ അറിയിച്ചു. നിലവില്‍ സാങ്യോങ് മോട്ടോര്‍ കമ്പനിയില്‍ 75 ശതമാനം ഓഹരി പങ്കാളിത്തം മഹീന്ദ്രയ്ക്കുണ്ട്.
 
ഡിസംബര്‍ 21 -നാണ് സാങ്യോങ് കമ്പനി പാപ്പരത്തത്തിന് അപേക്ഷ നല്‍കിയ കാര്യം മഹീന്ദ്ര പരസ്യമായി പുറത്തുവിട്ടത്. പാപ്പരത്വ, പുനരധിവാസ നിയമങ്ങള്‍ പ്രകാരം നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് കമ്പനി നല്‍കിയ അപേക്ഷ സിയോളിലെ പാപ്പരത്വ കോടതി അംഗീകരിച്ചു കഴിഞ്ഞു. കോടതി ആവിഷ്‌കരിച്ചിട്ടുള്ള സ്വയംഭരണ പുനഃസംഘടനാ പിന്തുണയ്ക്കും (ഓട്ടോണമസ് റീസ്ട്രക്ച്ചറിങ് സപ്പോര്‍ട്ട് - എആര്‍എസ്) സാങ്യോങ് യോഗ്യത നേടി. നിശ്ചിത കാലയളവിനകം ബാധ്യതകള്‍ക്ക് പ്രശ്നപരിഹാരം കണ്ടെത്താന്‍ കമ്പനിക്ക് എആര്‍എസ് സൗകര്യം സാവകാശം നല്‍കും. ഇക്കാലയളവില്‍ കോടതിയുടെ ഇടപെടലുണ്ടാവില്ല. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മാനേജ്മെന്റുതന്നെ നിയന്ത്രിക്കും.

ഫെബ്രുവരി 28 -നാണ് സാങ്യോങിന് അനുവദിച്ച എആര്‍എസ് ആനുകൂല്യത്തിന്റെ അവസാന തീയതി. ഈ സമയത്തിനകം സാങ്യോങ്ങിലുള്ള ഓഹരി പങ്കാളിത്തം കൈമാറാനാണ് മഹീന്ദ്രയുടെ നീക്കം. ഇതേസമയം, മാര്‍ച്ചിന് മുന്‍പ് പുതിയ നിക്ഷേപകരുമായി ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റു സാധ്യതകള്‍ തേടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്തായാലും നടപ്പു സാമ്പത്തിക വര്‍ഷം തീരും മുന്‍പ് സാങ്യോങ്ങിലെ ഭൂരിപക്ഷം ഓഹരികളും കൈമാറണമെന്ന നിര്‍ബന്ധം മഹീന്ദ്രയ്ക്കുണ്ട്. നിലവില്‍ 980 കോടി രൂപയുടെ ഓഹരികളുണ്ട് സാങ്യോങ്ങിന്. കടബാധ്യതയാകട്ടെ 950 കോടി രൂപയും.

ഇപ്പോഴുള്ള വായ്പയില്‍ വലിയൊരു ശതമാനം ജെപി മോര്‍ഗന്‍ ചേസ് ബാങ്ക്, ബിഎന്‍പി പാരിബസ്, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളിലേക്കാണ് സാങ്യോങ് അടച്ചുതീര്‍ക്കേണ്ടത്. 680 കോടിയോളം രൂപ ഈ ഇനത്തില്‍പ്പെടും. നേരത്തെ, 40 ബില്യണ്‍ വോണ്‍ (കൊറിയന്‍ നാണയം) അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് ജെപി മോര്‍ഗന്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുടിശ്ശിക അടയ്ക്കാന്‍ കഴിയാത്ത സാമ്പത്തികാവസ്ഥയിലാണ് തങ്ങളെന്ന് സാങ്യോങ് പ്രതികരിക്കുകയാണുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ സാങ്യോങ്ങിലേക്ക് കൂടുതല്‍ മൂലധന നിക്ഷേപം നടത്താനുള്ള ആലോചന മഹീന്ദ്ര ബോര്‍ഡ് തള്ളിയിരുന്നു. 2010 -ല്‍ ഏറ്റെടുത്തത് മുതല്‍ ഇതുവരെ 110 മില്യണ്‍ ഡോളറിന് മുകളില്‍ മഹീന്ദ്ര സാങ്യോങ്ങില്‍ നിക്ഷേപിച്ചിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved