വാഹന വില വര്‍ധിപ്പിച്ച് മഹീന്ദ്രയും; ഒരു ലക്ഷം രൂപ വരെ ഉയര്‍ന്നു

July 12, 2021 |
|
News

                  വാഹന വില വര്‍ധിപ്പിച്ച് മഹീന്ദ്രയും; ഒരു ലക്ഷം രൂപ വരെ ഉയര്‍ന്നു

ന്യൂഡല്‍ഹി: 2021ല്‍ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും വാഹന വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യങ്ങളില്‍ വില്‍പന കുറഞ്ഞിരിക്കുന്ന ഘട്ടത്തില്‍ പോലും വില കൂട്ടേണ്ട സാഹചര്യത്തിലാണ് വാഹന നിര്‍മാതാക്കള്‍. അതുപോലെ തന്നെ വാഹന നിര്‍മാണത്തിന് ആവശ്യമായ ചിപ്പുകളുടെ ലഭ്യതയും വിലക്കയറ്റവും ഒരു പ്രശ്നമാണ്.
 
ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും കാറുകള്‍ക്ക് വില വീണ്ടും കൂട്ടിയിരിക്കുകയാണ്. മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വിലയിലാണ് ഇപ്പോള്‍ വീണ്ടും വര്‍ദ്ധന വന്നിരിക്കുന്നത്. പതിനായിരങ്ങളാണ് പല വാഹനങ്ങള്‍ക്കും അധികമായി നല്‍കേണ്ടി വരിക. പരമാവധി ഒരു ലക്ഷം രൂപ വരെയാണ് വില വര്‍ദ്ധന എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

വില വര്‍ദ്ധന ഏറ്റവും അധികം ബാധിക്കുന്നത് മഹീന്ദ്രയുടെ ഥാര്‍ എസ് യുവിയെ ആയിരിക്കും. 42,000 രൂപ മുതല്‍ 1,02,000 വരെ ആണ് ഥാറിന്റെ വിലയില്‍ വര്‍ദ്ധനയുണ്ടാവുക. എഎക്സ് വേരിയന്റിന്റെ വിലയില്‍ 67,000 രൂപയാണ് കൂടുക. മഹീന്ദ്ര എക്സ് യുവി 500, കെയുവി 100 എന്നിവയ്ക്കും വില കൂടും. എന്നാല്‍ ഥാറിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചെറിയ വര്‍ദ്ധനമാത്രമാണ് ഉണ്ടാവുക. എക്സ് യുവി 500 ന് 2,912 രൂപ മുതല്‍ 3,188 രൂപ വരെ ആണ് വില കൂടുക. കെയുവി 100 എന്‍എക്സ്ടി യുടെ വിലയില്‍ 3,016 രൂപ മുതല്‍ 3,344 രൂപ വരെ വില കൂടും.

കോംപാക്ട് എസ് യുവി വിഭാഗത്തിലുള്ള എക്സ് യുവി 300 നും വില വര്‍ദ്ധിക്കുന്നുണ്ട്. 18,970 രൂപ മുതല്‍ 24,266 രൂപ വരെയാണ് എക്സ് യുവി 300 ന്റെ വിലയിലെ വര്‍ദ്ധന. ഡീസല്‍ വേരിയന്റിന്റെ വിലയില്‍ 23,870 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടാവുക. എന്നാല്‍ പ്രീമിയം എസ് യുവി ആയ ആള്‍ടുറാസിന്റെ വിലയില്‍ വെറും 3,094 രൂപയുടെ വര്‍ദ്ധന മാത്രമേ ഉണ്ടാവുകയുള്ളു.

മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനങ്ങളില്‍ ഒന്നാണ് ബൊലേറോ. പുതിയ ലുക്കില്‍ ബൊലേറോ വീണ്ടും അവതരിക്കാനൊരുങ്ങുകയാണ്. എന്തായാലും ഇപ്പോഴത്തെ വിലക്കയറ്റത്തില്‍ ബൊലേറോയ്ക്കും ഒഴിവില്ല. 21,000 മുതല്‍ 22,600 രൂപ വരെ കൂടും. മരാസോ എംപിവിയുടെ വിലയില്‍ 26,000 മുതല്‍ 30,000 രൂപയുടെ വരെ വര്‍ദ്ധനയാണ് ഉണ്ടാവുക. സ്‌കോര്‍പിയോയുടെ വില യില്‍ 30,000 രൂപ മുതല്‍ 40,000 രൂപ വരെ വര്‍ദ്ധന വരും.

2021 ല്‍ മഹീന്ദ്ര ഇത് മൂന്നാം തവണയാണ് അവരുടെ കാറുകളുടെ വിലയില്‍ വര്‍ദ്ധന വരുത്തുന്നത്. മെയ് 2021 ല്‍ ആയിരുന്നു ഇതിന് മുമ്പ് വില കൂട്ടിയത്. നിര്‍മാണ സാമഗ്രികളുടെ വിലയിലെ വര്‍ദ്ധന തന്നെയാണ് വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ വാഹന നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved