
ബെംഗളൂരു: 21 ദിവസം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സമയത്ത് വില്‍ക്കാന്‍ കഴിയുന്ന അവശ്യവസ്തുക്കളുടെ പട്ടികയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ വമ്പന്‍ റീട്ടെയിലര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മികച്ച സേവന-വിതരണ ശേഷിയുള്ള ഫ്‌ലിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, മെട്രോ ക്യാഷ്, കാരി, സ്‌പെന്‍സര്‍ എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളുമായി ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയില്‍, പാചക ഉപകരണങ്ങള്‍, ചെറുകിട വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, മറ്റ് ആക്‌സസറികള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിനായി പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. .
അവശ്യവസ്തുക്കള്‍ മാത്രമല്ല, എല്ലാത്തരം വസ്തുക്കളുടെയും വില്‍പ്പനയ്ക്ക് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഇതിനകം തന്നെ അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇവ ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത് ഇനി ഒരു പ്രശ്‌നമല്ല. ഈ ഇനങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കുന്നതില്‍ ഗവണ്‍മെന്റിന്റെ ആശങ്ക ഞങ്ങള്‍ മനസിലാക്കുന്നു. പക്ഷേ ഉപഭോക്താക്കളില്‍ നിന്ന് അവശ്യവസ്തുക്കളല്ലാതെ മറ്റൊന്നും ഇപ്പോള്‍ ആവശ്യമില്ലെന്ന് അവര്‍ മനസിലാക്കേണ്ടതുണ്ട് എന്നും യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ വെളിപ്പെടുത്തി.
മാര്‍ച്ച് 25 മുതല്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ ശേഷം വില്‍ക്കാന്‍ കഴിയുന്ന അവശ്യ ഉല്‍പ്പന്നങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങള്‍ ശ്രമിക്കുകയായിരുന്നു. ഇ-കൊമേഴ്സ് കമ്പനികളായ ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവ റൂട്ടറുകളും ചാര്‍ജറുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ 'വര്‍ക്ക് ഫ്രം ഹോം എസ്സന്‍ഷ്യല്‍സ്' ആയി ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പിന്നീട് ആഭ്യന്തര മന്ത്രാലയം ഹാന്‍ഡ് വാഷ്, സോപ്പുകള്‍, അണുനാശിനി, ക്ലീനര്‍, സാനിറ്ററി പാഡുകള്‍, ഡയപ്പര്‍, ചാര്‍ജറുകള്‍ എന്നിവ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഓഫ്ലൈനിലും ഓണ്‍ലൈനിലും ചില്ലറ വ്യാപാരികള്‍ കൂടുതല്‍ സ്വതന്ത്രമായ നയം തേടുന്നു.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും, ഈ സമയത്ത് ഉപഭോക്താക്കളെ വിശ്വസിക്കണമെന്ന് അദ്ദേഹം സമ്മതിച്ചു, കാരണം ആരും ഇപ്പോള്‍ 65 ഇഞ്ച് ടെലിവിഷന്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോകുന്നില്ല. ആരെങ്കിലും ഒരു ഫോണോ ലാപ്ടോപ്പോ ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍, അത് ജോലി അല്ലെങ്കില്‍ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ഒരു യഥാര്‍ത്ഥ ആവശ്യം മൂലമാകാം എന്ന് മറ്റൊരു വ്യക്തി പറഞ്ഞു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ട്രെയിന്‍ വഴി സാധനങ്ങള്‍ നീക്കം ചെയാന്‍ അനുവദിക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേ ചില ആശങ്കകള്‍ ഉന്നയിച്ചിരുന്നു. അവശ്യമല്ലാത്ത വസ്തുക്കള്‍ നീക്കാന്‍ ഈ ശേഷി ഉപയോഗിക്കാമെന്നാണ് നിലവിലെ വാദം.