ചിപ്പ് നിര്‍മ്മാണ കമ്പനികള്‍ക്ക് പ്രോത്സാഹനവുമായി ഇന്ത്യ; ഉല്‍പ്പാദന യൂണിറ്റിന് ഒരു ബില്യണ്‍ ഡോളര്‍ നല്‍കും

April 03, 2021 |
|
News

                  ചിപ്പ് നിര്‍മ്മാണ കമ്പനികള്‍ക്ക് പ്രോത്സാഹനവുമായി ഇന്ത്യ; ഉല്‍പ്പാദന യൂണിറ്റിന് ഒരു ബില്യണ്‍ ഡോളര്‍ നല്‍കും

ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുന്ന ഓരോ അര്‍ധചാലക (സെമികണ്ടക്ടര്‍) കമ്പനിക്കും കേന്ദ്ര സര്‍ക്കാര്‍ ഒരു ബില്യണില്‍ കൂടുതല്‍ യുഎസ് ഡോളറിന്റെ (ഏകദേശം 7,340 കോടി രൂപ) പണമായി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകള്‍ അസംബിള്‍ ചെയ്യുന്ന വ്യവസായം വളര്‍ത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രോത്സാഹന പദ്ധതി തയ്യാറാക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ഇലക്ട്രോണിക്സ് വിതരണ ശൃംഖല ശക്തിപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ചൈന കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ മൊബീല്‍ ഫോണ്‍ നിര്‍മാതാക്കളായി ഇന്ത്യയെ മാറ്റുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി ഏറെ സഹായിച്ചിരുന്നു. ചിപ്പ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതിനുള്ള സമയം ഇതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.

ചിപ്പ് ഫാബ്രിക്കേഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്ന ഓരോ കമ്പനിക്കും ഒരു ബില്യണില്‍ കൂടുതല്‍ യുഎസ് ഡോളര്‍ (ഏകദേശം 7,340 കോടി രൂപ) സാമ്പത്തിക ആനുകൂല്യങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉന്നത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ വാങ്ങലുകാരനായി മാറുമെന്ന് ഈ കമ്പനികള്‍ക്ക് ഉറപ്പുനല്‍കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തദ്ദേശീയമായി നിര്‍മിച്ച ചിപ്പുകള്‍ വാങ്ങുന്നതിന് സ്വകാര്യ വിപണിയിലെ കമ്പനികളും തയ്യാറാകുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ആനുകൂല്യങ്ങള്‍ എങ്ങനെ കൈമാറുമെന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനമെടുത്തിട്ടില്ല. ബന്ധപ്പെട്ട വ്യവസായത്തിന്റെ പ്രതികരണം അറിയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കാത്തിരിക്കുകയാണ്.   

ചിപ്പുകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ അര്‍ധചാലക പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് ലോകമെങ്ങുമുള്ള സര്‍ക്കാരുകള്‍ സബ്സിഡി നല്‍കിവരികയാണ്. അര്‍ധചാലക ക്ഷാമം കാരണം വാഹന, ഇലക്ട്രോണിക്സ് വ്യവസായങ്ങള്‍ പ്രതിസന്ധിയിലാണ്. ലോകമെങ്ങുമുള്ളവര്‍ സപ്ലൈ ആവശ്യങ്ങള്‍ക്കായി തായ്വാനെയാണ് ആശ്രയിക്കുന്നത്. രാജ്യത്തെ ഇലക്ട്രോണിക്സ്, ടെലികോം വ്യവസായങ്ങള്‍ക്കുവേണ്ടി വിശ്വസിക്കാവുന്ന വിതരണ കമ്പനികളെ കൂടെ നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈയിടെ അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളെതുടര്‍ന്ന് ചൈനയെ ആശ്രയിക്കേണ്ട അവസ്ഥ ഒഴിവാക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ചിപ്പുകള്‍ 'വിശ്വസനീയ കേന്ദ്രങ്ങളില്‍'നിന്ന് എന്ന വിശേഷണം പേറുന്നതായിരിക്കും. സിസിടിവി കാമറകള്‍ മുതല്‍ 5ജി ഉപകരണം വരെയുള്ള ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും.

Read more topics: # Make in India,

Related Articles

© 2024 Financial Views. All Rights Reserved