
ക്വാലലംപൂര്‍- രാഷ്ട്രീയ പ്രസ്താവനകളെ ചൊല്ലി ഇന്ത്യ മലേഷ്യക്ക് പാമൊയില്‍ ഇറക്കുമതിക്ക് പൂട്ടിട്ടത് അടുത്തിടെയാണ്. എന്നാല്‍ രാജ്യത്തിന് നേരിടുന്ന വ്യവസായനഷ്ടം നേരിടാന്‍ മറ്റ് വഴികള്‍ ആരായുകയാണ് മലേഷ്യന്‍ സര്‍ക്കാര്‍. ജപ്പാനില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് ഇതിനൊരു വേദിയാകും മലേഷ്യക്ക്. കാരണം ഇത്തവണ ജപ്പാന്‍ സര്‍ക്കാരുമായി ഒളിമ്പിക്‌സിലെത്തുന്ന ഹലാല്‍ ഭക്ഷണ പ്രേമികള്‍ക്ക് വേണ്ടി ഭക്ഷണം നല്‍കാന്‍ കരാറൊപ്പിട്ടിരിക്കുകയാണ് രാജ്യം.
2100 കോടിരൂപയാണ് ഈ കരാര്‍ വഴി മലേഷ്യയ്ക്ക് ലഭിക്കുക. 40 ദശലക്ഷം ടൂറിസ്റ്റുകളും അമ്പത് മുസ്ലിംരാജ്യങ്ങളിലെ കായികപ്രതിഭകളും എത്തുമ്പോള്‍ ഇവര്‍ക്ക് വെച്ചുവിളമ്പുക മലേഷ്യയായിരിക്കും. ഒളിമ്പിക്‌സ് വഴി ജപ്പാന്റെ മനസില്‍ ഇടം നേടിയാല്‍ സ്ഥിരം ഹലാല്‍ ഭക്ഷ്യവ്യവസായ വിപണിയില്‍ കാലുറപ്പിക്കാമെന്നാണ് മലേഷ്യ പ്രതീക്ഷിക്കുന്നത്. ഇത് വലിയൊരു സാധ്യതയാണ് തുറന്നുനല്‍കുന്നത്.