
ജീവിത പങ്കാളിയുടെ അഭാവത്തില്‍ മക്കളെ തനിച്ച് വളര്‍ത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ശിശു സംരക്ഷണ അവധി (സിസിഎല്‍) ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് തിങ്കളാഴ്ച അറിയിച്ചു. ശിശു സംരക്ഷണ അവധിയുടെ വ്യവസ്ഥയും ആനുകൂല്യങ്ങളും സിംഗിള്‍ രക്ഷാകര്‍ത്താക്കള്‍ ആയിരിക്കുന്ന പുരുഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമേ ലഭ്യമാവുകയുള്ളൂവെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആയതിനാല്‍, ഭാര്യ മരിച്ചവരോ വിവാഹമോചനം നേടിയവരോ ആയ പുരുഷ ജീവനക്കാര്‍ക്ക് ഈ അവധി ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. സിംഗിള്‍ രക്ഷകര്‍ത്താക്കള്‍ക്ക് ശിശുപരിപാലനം മെച്ചപ്പെട്ട രീതിയില്‍ ചെയ്യുന്നതിന് ഇത് പ്രയോജനപ്പെടുമെന്ന് മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ഇതു സംബന്ധിച്ച ഉത്തരവുകള്‍ കുറച്ചുകാലം മുന്‍പാണ് പുറപ്പെടുവിച്ചതെങ്കിലും ഇവയ്ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രചരണം ലഭിച്ചില്ലെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ശിശു പരിപാലന അവധിയിലുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഇപ്പോള്‍ ബന്ധപ്പെട്ട യോഗ്യതയുള്ള അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ ഹെഡ് ക്വാര്‍ട്ടേര്‍സ് വിടാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കൂടാതെ, ശിശു പരിപാലന അവധിയിലാണെങ്കിലും ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍ടിസി) ആനുകൂല്യവും പ്രയോജനപ്പെടുത്താവുന്നതാണെന്നതും ഓര്‍ക്കുക. ഇക്കാലയളവിലെ ആദ്യത്തെ 365 ദിവസത്തേക്ക് 100 ശതമാനം അവധി ശമ്പളവും ശേഷം അടുത്ത 365 ദിവസത്തേക്ക് 80 ശതമാനം അവധി ശമ്പളവും ശിശു പരിപാലന അവധിയായി നല്‍കാമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇക്കാര്യത്തില്‍ അവതരിപ്പിച്ച മറ്റൊരു ക്ഷേമ നടപടിയാണ് വികലാംഗനായ കുട്ടിയുടെ പരിപാലനമെന്നത്. ഇത്തരക്കാരായ കുട്ടികളുടെ 22 വയസ് വരെ ശിശു പരിപാലന അവധി ലഭിക്കാനുള്ള വ്യവസ്ഥ നീക്കം ചെയ്തിട്ടുള്ള കാര്യവും ജിതേന്ദ്ര സിംഗ് അറിയിച്ചു. ഇപ്പോള്‍ ശിശു സംരക്ഷണ സംബന്ധമായ അവധി കുട്ടിയുടെ ഏത് പ്രായം വരെയും ലഭ്യമാക്കാമെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിന് നിരവധി തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനങ്ങള്‍ക്ക് പിന്നിലെ അടിസ്ഥാന ലക്ഷ്യമെന്നത് എല്ലായ്‌പ്പോഴും ഒരു സര്‍ക്കാര്‍ ജീവനക്കാരനെ അവന്റെ കഴിവിന്റെ പരമാവധി സംഭാവന ചെയ്യാന്‍ പ്രാപ്തമാക്കുക എന്നതാണ്. അതേസമയം, അഴിമതിയോടും ജീവനക്കാരുടെ പ്രകടനമില്ലായ്മയോടും സഹിഷണുത ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.