
നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് 261.01 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 483.19 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ ആകെ ആസ്തി മൂല്യം 10 ശതമാനം വര്‍ധിച്ച് 30,407.13 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 27,642.48 കോടി രൂപയായിരുന്നു. രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 28,421.63 കോടി രൂപയായിരുന്ന ആസ്തി മൂല്യത്തില്‍ 6.99 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 259.06 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 465.29 കോടി രൂപയായിരുന്നു. മൊത്ത പ്രവര്‍ത്തന വരുമാനം 1,484.45 കോടി രൂപയാണ്. മുന്‍ വര്‍ഷം ഈ കലായളവില്‍ 1,643.81 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ ഡിവിഡന്റ് വിതരണം ചെയ്യാനും വെര്‍ച്വലായി ചേര്‍ന്ന കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മൂല്യം 32.34 ശതമാനം വര്‍ധിച്ച് 7,090.15 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷമിത് 5,357.71 കോടിയായിരുന്നു. 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1420 ശാഖകളുള്ള ആശീര്‍വാദ് മൈക്രോഫിനാന്‍സ് 25.9 ലക്ഷം ഉപഭോക്താക്കളുമായി ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കിതര മൈക്രോഫിനാന്‍സ് കമ്പനിയാണ്.
ഭവനവായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി 816.65 കോടി രൂപയും വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി 1509.67 കോടി രൂപയുമാണ്. കമ്പനിയുടെ മൊത്തം ആസ്തിയില്‍ 33 ശതമാനം സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്.