മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായം 18.72 ശതമാനം വര്‍ധിച്ച് 436.85 കോടി രൂപയായി

August 11, 2021 |
|
News

                  മണപ്പുറം ഫിനാന്‍സിന്റെ അറ്റാദായം 18.72 ശതമാനം വര്‍ധിച്ച് 436.85 കോടി രൂപയായി

ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 18.72 ശതമാനം വര്‍ധനവ്. 436.85 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ ഉപകമ്പനികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ 367.97 കോടി രൂപ അറ്റാദായം ഇത്തവണ 425.21 കോടിയായി വര്‍ധിച്ചു.

2021-22 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ കമ്പിയുടെ ആകെ പ്രവര്‍ത്തന വരുമാനം 3.36 ശതമാനം വര്‍ധിച്ചു 1,563.30 കോടി രൂപയായി. മുന്‍ വര്‍ഷമിത് 1512 .53 കോടിയായിരുന്നു .കമ്പനിയുടെ ആകെ ആസ്തി മുന്‍വര്‍ഷത്തെ 25345 .83 കോടിയില്‍ നിന്നു 2.33 ശതമാനം കുറഞ്ഞു 24,755.99 കോടി രൂപയിലെത്തി. കമ്പനിയുടെ സ്വര്‍ണ വായ്പാ ബിസിനസ്സ് 6.75 ശമാതനം കുറഞ്ഞു 16,539.51 കോടി രൂപയായി. മുന്‍ വര്‍ഷമിത് 17736.79 കോടിയാരുന്നു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനി ആകെ 35,419.36 കോടി രൂപയുടെ സ്വര്‍ണ വായ്പകള്‍ വിതരണം ചെയ്തു.2021 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 24.1 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്.

'കോവിഡ് രണ്ടാം തരംഗവും പ്രാദേശിക ലോക്ഡൗണും കാരണം പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടപ്പോഴും ഞങ്ങളുടെ ലാഭസാധ്യത നിലനിര്‍ത്താന്‍ കഴിഞ്ഞു. സാമ്പത്തിക രംഗം കരുത്തോടെ തിരിച്ചുവരുന്ന ഈ ഘട്ടത്തില്‍ ബിസിനസിന്റെ വളര്‍ച്ചാഗതി തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'- മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഓയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.

മൈക്രോഫിനാന്‍സ് സബ്സിഡിയറി, ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ മൊത്തം ആസ്തി 20.13 ശതമാനം വര്‍ധിച്ച് 5,038.31 കോടി രൂപയില്‍ നിന്ന് 6,052.60 കോടി രൂപയായി. ഭവനവായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി 668.19 കോടി (627.33 കോടി ) രൂപയും വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി 1,044.79 കോടി (1270.29 കോടി ) രൂപയുമാണ്. കമ്പനിയുടെ മൊത്തം ആസ്തിയില്‍ 33 ശതമാനം സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്.

സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്കില്‍ 78 ബേസിസ് പോയിന്റുകള്‍ കുറഞ്ഞു 8.61 ശതമാനമായി. മൊത്ത നിഷ്‌ക്രിയ ആസ്തി 1.97 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.62 ശതമാനവുമാണ്. കമ്പനിയുടെ സംയോജിത അറ്റ മൂല്യം 7,662.38 കോടി രൂപയാണ്. ഓഹരിയുടെ ബുക്ക് വാല്യു 90.53 രൂപയും മൂലധന പര്യാപ്തതാ അനുപാതം 34.42 ശതമാനവുമാണ്. 2021 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം എല്ലാ സബ്‌സിഡിയറികളും ഉള്‍പ്പെടെയുള്ള കമ്പനിയുടെ സംയോജിത കടം 19,757.88 കോടി രൂപയാണ്.

Related Articles

© 2025 Financial Views. All Rights Reserved