
കൊച്ചി: റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ത്തി. ദീര്‍ഘകാല വായ്പാക്ഷമത എഎ/ പോസിറ്റീവ് ആയിരുന്നത് എഎ/ സ്റ്റേബ്ള്‍ ആക്കി ഉയര്‍ത്തുകയും കമ്പനിയുടെ വാണിജ്യ രേഖയുടെ റേറ്റിങ് എ1 പ്ലസ് ആയി സ്ഥിരപ്പെടുത്തുകയും ചെയ്തു. മണപ്പുറം ഫിനാന്‍സിന്റെ മികച്ച നിലയിലുള്ള ആസ്തി മൂല്യം, സ്വര്‍ണ വായ്പാ ബിസിനസിലെ സ്ഥിരമായ വളര്‍ച്ച, മറ്റു ആസ്തി വിഭാഗങ്ങളിലെ വൈവിധ്യ വളര്‍ച്ച എന്നീ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് ക്രിസില്‍ റേറ്റിങ് ഉയര്‍ത്തിയത്.
ബാങ്കിങ് ഇതര ധനകാര്യ മേഖലയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും അതിനെ പ്രതിരോധിച്ച് കരുത്തുകാട്ടിയ മണപ്പുറത്തിന്റെ ബിസിനസ് മാതൃകയെ അരക്കിട്ടുറപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാര്‍ പറഞ്ഞു. മണപ്പുറം ഫിനാന്‍സിന്റെ സഹസ്ഥാപനങ്ങളായ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ്, മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റിഡ് എന്നീ കമ്പനികളുടെ ദീര്‍ഘകാല ക്രെഡിറ്റ് റേറ്റിങും ക്രിസില്‍ എഎ/ സ്റ്റേബ്ള്‍ ആക്കി ഉയര്‍ത്തി.