261 കോടി രൂപ സംയോജിത അറ്റാദായം നേടി മണപ്പുറം ഫിനാന്‍സ്

May 19, 2022 |
|
News

                  261 കോടി രൂപ സംയോജിത അറ്റാദായം നേടി മണപ്പുറം ഫിനാന്‍സ്

2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 260.95 കോടി രൂപ സംയോജിത അറ്റാദായം നേടി. മൂന്നാം പാദത്തില്‍ 261.01 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ സംയോജിത ലാഭം സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ 1328.70 കോടി രൂപയാണ്. ആസ്തി മൂല്യത്തില്‍ 11.15 ശതമാനമാണ് ഒരു വര്‍ഷത്തിനിടെ കൈവരിച്ച വളര്‍ച്ച. മുന്‍ വര്‍ഷം 27,224.22 കോടി രൂപയായിരുന്ന ആസ്തി ഇത്തവണ 30,260.82 കോടി രൂപയിലെത്തി. കമ്പനിയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനം 6061.02 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 6330.55 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

കോവിഡിലെ മൂന്നാം തരംഗത്തിലെ പ്രതിബന്ധങ്ങള്‍ക്കിടയിലും ഒരു വര്‍ഷത്തിനിടെ മൈക്രോഫിനാന്‍സ്, വാഹന വായ്പ, ഭവന വായ്പ ബിസിനസുകളിലെ വളര്‍ച്ചാ വേഗത തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതായി മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു. അതേസമയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കിടയിലെ ശക്തമായ മത്സരത്തിന് ഇടയാക്കിയ നിരക്ക് വ്യതിയാനം കമ്പനിയുടെ പ്രധാന ബിസിനസ് ആയ സ്വര്‍ണപ്പണയ വായ്പകള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചു. അനാരോഗ്യകരമായ മത്സരം ആര്‍ക്കും പ്രയോജനപ്പെടില്ല എന്നതിനാല്‍ ഇതൊരു താല്‍ക്കാലിക പ്രതിഭാസമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സബ്സിഡിയറികള്‍ മാറ്റിനിര്‍ത്തിയുള്ള കമ്പനിയുടെ സ്വര്‍ണ വായ്പാ ആസ്തി മൂല്യം 4.14 ശതമാനം വര്‍ധിച്ച് 19,867.35 കോടി രൂപയിലെത്തി. നാലാം പാദത്തിലെ ആകെ സ്വര്‍ണ വായ്പാ വിതരണത്തില്‍ 22.41 ശതമാനം വര്‍ധനവ് ഉണ്ടായി. മൂന്നാം പാദത്തില്‍ 24042 കോടി രൂപയായിരുന്ന ഇത് 29430 കോടി രൂപയിലെത്തി. 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 23.69 ലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്. കമ്പനിക്കു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷം ബിസിനസില്‍ അതിവേഗ വളര്‍ച്ചയാണ് നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷം 5984.63 കോടി രൂപയായിരുന്ന ആസ്തി ഇത്തവണ 17 ശതമാനം വര്‍ധിച്ച് 7002.18 കോടി രൂപയിലെത്തി.

56.11 ശതമാനമെന്ന മികച്ച വളര്‍ച്ചയോടെ കമ്പനിയുടെ വാഹന വായ്പാ വിഭാഗം സാമ്പത്തിക വര്‍ഷത്തെ ആസ്തി മൂല്യം 1643.16 കോടി രൂപയിലെത്തിച്ചു. ഭവന വായ്പാ വിഭാഗമായ മണപ്പുറം ഹോം ഫിനാന്‍സ് ആസ്തി മൂല്യത്തില്‍ 26.87 ശതമാനമാണ് വളര്‍ച്ച നേടിയത്. മുന്‍ വര്‍ഷം 666.27 കോടിയായിരുന്ന ആസ്തി ഇത്തവണ 845.27 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം വായ്പാ ബിസിനസില്‍ 33 ശതമാനവും സര്‍ണ ഇതര ബിസിനസില്‍ നിന്നാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved