
ന്യൂഡല്‍ഹി: വ്യാവസായിക സംഘടനയായ ഫിക്കിയുടെ ഏറ്റവും പുതിയ ത്രൈമാസ സര്‍വേ, പ്രകാരം നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മാനുഫാക്ചറിംഗ് മേഖലയുടെ വീണ്ടെടുക്കല്‍ പ്രകടമായെന്നും നാലാം പാദത്തില്‍ നഷ്ടപ്പെട്ട വളര്‍ച്ചാ വേഗം വീണ്ടെടുക്കുമെന്നും വിലയിരുത്തുന്നു. 2020-21 ന്റെ മൂന്നാം പാദത്തില്‍ ഉയര്‍ന്ന ഉല്‍പ്പാദനം റിപ്പോര്‍ട്ട് ചെയ്തവരുടെ ശതമാനം രണ്ടാം പാദത്തേക്കാള്‍ വര്‍ദ്ധിച്ചു.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഉയര്‍ന്ന ഉല്‍പ്പാദനം റിപ്പോര്‍ട്ട് ചെയ്ത മാനുഫാക്ചറിംഗ് യൂണിറ്റുകളുടെ അനുപാതം 33 ശതമാനമായി ഉയര്‍ന്നു. രണ്ടാം പാദത്തിലിത് 26 ശതമാനം മാത്രമായിരുന്നു. ഓട്ടോമോട്ടീവ്, ക്യാപിറ്റല്‍ ഗുഡ്‌സ്, സിമന്റ്, സെറാമിക്‌സ്, രാസവസ്തുക്കള്‍, രാസവളങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ്, ലെതര്‍, പാദരക്ഷകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മെറ്റല്‍, മെറ്റല്‍ ഉല്‍പന്നങ്ങള്‍, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, തുണി യന്ത്രങ്ങള്‍ എന്നിങ്ങനെ 12ഓളം മേഖലകളില്‍ നാലാംപാദത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഫിക്കി സര്‍വെ വിലയിരുത്തി.
വന്‍കിട, എസ്എംഇ വിഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം നിര്‍മാണ യൂണിറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സര്‍വേ പ്രകാരം, ഉല്‍പ്പാദന ശേഷി വിനിയോഗം മൂന്നാംപാദത്തില്‍ 74 ശതമാനമായി ഉയര്‍ന്നു. മുന്‍ പാദത്തില്‍ ഇത് 65 ശതമാനമായിരുന്നു. 30 ശതമാനം പേര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. മുന്‍ സര്‍വെയില്‍ ഇത് 18 ശതമാനം ആയിരുന്നു.