
ഇന്ത്യന്‍ ഓഹരി വിപണി ദിനംപ്രതി അഭിവൃദ്ധിപ്പെട്ടു വരികയാണ്. കോവിഡ് വരുത്തിയ തകര്‍ച്ചയില്‍ നിന്ന് പിടിച്ചു കയറിയപ്പോള്‍ മുതല്‍ മികച്ച പ്രടനം കാഴ്ച വയ്ക്കുന്ന വിപണി വരും മാസങ്ങളില്‍ പുതിയ ഉയരങ്ങളിലെത്തുമെന്ന പ്രതീക്ഷ കഴിഞ്ഞ തിങ്കളാഴ്ച 36403 ല്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് 36594 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും, കഴിഞ്ഞ അഞ്ചു ട്രേഡിങ് സെഷനുകളിലും വിപണി 36300 പോയിന്റിനും 36800 പോയിന്റിനുമിടയില്‍ ചാഞ്ചാടുകയായിരുന്നു. ഈ നിലയില്‍ ചുവടുറപ്പിച്ചു കഴിഞ്ഞാല്‍ സൂചിക 38000 പോയിന്റിലേക്ക് അടുത്ത ലക്ഷ്യമുറപ്പിക്കുമെന്ന് വിപണി കരുതുന്നു.
കഴിഞ്ഞ ഒരു മാസം കൊണ്ട് സെന്‍സെക്സ് 33228 ല്‍നിന്നു 10 ശതമാനം വര്‍ധനവോടെയാണ് 36594 എന്ന നിലയിലെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വരുന്ന മാസങ്ങളില്‍ സെന്‍സെക്‌സ് സൂചിക 38000 കടന്ന് 40000 ല്‍ എത്തുന്നത് അസംഭവ്യമല്ല എന്ന ചിന്ത ശക്തമാകുന്നുണ്ട്. ഇതേ കാലയളവില്‍ 9.73 ശതമാനം വളര്‍ച്ചയോടെ 9813 പോയിന്റില്‍ നിന്നു നിഫ്റ്റി 10768 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചത്, 12000 പോയിന്റ് എന്ന കോവിഡിന് മുമ്പുള്ള വിപണി നിലവാരം സ്വപ്നം കാണാനും നിക്ഷേപകരെ പ്രചോദിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ നാലാഴ്ച കാലയളവില്‍ 9726 ല്‍നിന്ന് അമേരിക്കയുടെ ടെക് സൂചിക നാസ്ഡാക് ടെസ്ലയുടെയും ടെക് ഓഹരികളുടെയും പിന്‍ബലത്തില്‍ 9.16 ശതമാനം വളര്‍ച്ചയോടെ 10617 എന്ന നിയിലെത്തിയെങ്കിലും ജനറല്‍ സൂചികയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറും ഡൗ ജോണ്‍സും ചാഞ്ചാട്ടം തുടരുകയാണ്. ഡൗജോണ്‍സ് 1.21 ശതമാനം മാത്രം ഒരു മാസം കൊണ്ട് മുന്നേറിയപ്പോള്‍ എസ് ആന്‍ഡ് പി 500 സൂചിക 3.85 ശതമാനം മുന്നേറി. അമേരിക്കന്‍ ടെക് ഓഹരികളുടെ അധിക വില വളര്‍ച്ചയാണ് സൂചികകളുടെ മുന്നേറ്റത്തിനാധാരം. ടെസ്ല, ഫെയ്‌സ്ബുക്, ഗൂഗിള്‍, ആപ്പിള്‍, നെറ്റ്ഫ്‌ലിക്‌സ് എന്നീ ഭീമന്‍ ഓഹരികളുടെ മുന്നേറ്റം അവസാനിക്കും എന്ന് കരുതാനും കഴിയില്ല.
ഫ്രഞ്ച് സൂചികയായ കാക് ഇന്‍ഡക്സ് കഴിഞ്ഞ നാലാഴ്ച കൊണ്ട് 3.2 ശതമാനം മുന്നേറിയപ്പോള്‍, ജര്‍മനിയുടെ ഡാക്സ് ഇന്‍ഡക്സ് 6 ശതമാനവും കൊറിയന്‍ സൂചികയായ കോസ്പി 5.9 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ്സെങ് സൂചിക 8.2 ശതമാനവും മുന്നേറ്റം നേടി. എന്നാല്‍ ഇതേ കാലയളവില്‍ ഇന്ത്യന്‍ സൂചികകളെക്കാള്‍ മുന്നേറ്റം നേടിയ ഒരേ ഒരു സൂചിക ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് ഇന്‍ഡെക്സാണ്. ലോകവിപണിക്ക് തന്നെ ഉത്തേജനമേകി 17.65 ശതമാനമാണ് ചൈനീസ് വ്യാളിയുടെ കഴിഞ്ഞ മാസത്തെ വളര്‍ച്ച.
റിലയന്‍സിനൊപ്പം ടെക്, ബാങ്ക്, ഫാര്‍മ, മെറ്റല്‍, ഓട്ടോ സെക്ടറുകളുടെ മുന്നേറ്റമാണ് ഇന്ത്യന്‍ സൂചികകള്‍ക്ക് അനുകൂലമായത്. കഴിഞ്ഞ ആഴ്ചയിലെ നാല് ദിവസവും വില്‍പനക്കാരായ ഇന്ത്യന്‍ ഫണ്ടുകള്‍ക്കൊപ്പം വിദേശ ഫണ്ടുകളും 637 കോടി രൂപയുടെ അധികവില്‍പന നടത്തിയിട്ടും കഴിഞ്ഞ വാരം ഇന്ത്യന്‍ വിപണി നേട്ടം ആഘോഷിച്ചത് ചെറുകിട നിക്ഷേപകരുടെ മാത്രം പിന്‍ബലത്തിലാണ്. ബാങ്കുകളില്‍ നിന്നു നിക്ഷേപം ഓഹരി വിപണിയിലേക്കിറക്കുന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ വിപണി സാന്നിധ്യം ശക്തമായി വര്‍ധിക്കുന്നത് ഇന്ത്യന്‍ വിപണിയുടെ അടിത്തറ ശക്തമാക്കുന്നുണ്ട്.
അടുത്ത ആഴ്ചയില്‍ സ്വദേശി-വിദേശി ഫണ്ടുകള്‍ തിരുത്തലിനായി കാക്കാതെ വിപണിയിലിറങ്ങിയാല്‍ ഇന്ത്യന്‍ വിപണിക്ക് വലിയ മുന്നേറ്റം സാധ്യമാകും. പൊതു മേഖല ഓഹരി വില്‍പനയും ചൈനീസ് ഇറക്കുമതി നിരോധനവും മുന്നേറ്റം നല്‍കുന്ന ഓഹരികള്‍ക്കും സെക്ടറുകള്‍ക്കുമൊപ്പം റിസഷന്‍-ഫ്രീ ഓഹരികളും ദീര്‍ഘ കാല നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. ഉയരുന്ന കോവിഡ് കണക്കുകള്‍ ലോക വിപണിക്കെന്ന പോലെ ഇന്ത്യന്‍ വിപണിക്കും ഭീഷണിയാണ്. എങ്കിലും അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യപാദ പ്രവര്‍ത്തനഫലങ്ങളായിരിക്കും ഇന്ത്യന്‍ വിപണിയുടെ ഗതി നിര്‍ണയിക്കുക.