റിലയന്‍സ് റീട്ടെയിലേക്ക് 20 ബില്യണ്‍ ഡോളറുമായി ആമസോണ്‍; ലക്ഷ്യം 40 ശതമാനം ഓഹരി

September 11, 2020 |
|
News

                  റിലയന്‍സ് റീട്ടെയിലേക്ക് 20 ബില്യണ്‍ ഡോളറുമായി ആമസോണ്‍;  ലക്ഷ്യം 40 ശതമാനം ഓഹരി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ റീട്ടെയില്‍ വിഭാഗത്തിലെ ഏകദേശം 20 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരി ആമസോണിന് വില്‍ക്കുന്നതിനായി വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഫെയ്സ്ബുക്ക്, ഗൂഗിള്‍ എന്നിവയുള്‍പ്പടെയുള്ള ആഗോള നിക്ഷേപകരില്‍ നിന്ന് ഈ വര്‍ഷം 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ച ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഓയില്‍-ടു-ടെലികോം കമ്പനി, തങ്ങളുടെ റീട്ടെയില്‍ ബിസിനസിലെ 40 ശതമാനം ഓഹരി ആമസോണിന് വില്‍ക്കാന്‍ തയ്യാറാകുന്നതായാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇടപാട് സംബന്ധിച്ച് ആമസോണോ റിലയന്‍സ് ഇന്‍ഡസ്ട്രീസോ പ്രതികരണം രേഖപ്പെടുത്തിയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് അഭിപ്രായപ്പെട്ടു. ഏഷ്യയിലെ ധനികരില്‍ ഒന്നാമനായ മുകേഷ് അംബാനി ഇപ്പോള്‍ ചില്ലറ വില്‍പ്പനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മികച്ച ടെലികോം ശൃംഖല വിജയകരമായി നിര്‍മ്മിച്ചതിന് ശേഷം, രാജ്യത്തെ വന്‍ ഉപഭോക്തൃ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
 
റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആമസോണ്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സാധ്യതയുള്ള ഇടപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുത്തിട്ടില്ലെന്നും ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാജ്യത്തൊട്ടാകെ 12,000 സ്റ്റോറുകളുള്ള റിലയന്‍സ് റീട്ടെയില്‍ വിഭാഗം, കഴിഞ്ഞ മാസം മേഖലയിലെ എതിരാളികളായ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ വിഭാഗത്തെ സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ ബുധനാഴ്ച അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് പാര്‍ട്ണേര്‍സില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തു.

ഓഹരി വിപണിയിലെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 6.2 ശതമാനം ഉയര്‍ന്നു. വ്യാഴാഴ്ച, മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ 200 ബില്യണ്‍ ഡോളര്‍ മറികടന്ന ആദ്യത്തെ ലിസ്റ്റു ചെയ്യപ്പെട്ട ഇന്ത്യന്‍ കമ്പനിയായി മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ചെയിന്‍ സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാസ്റ്റ് ഫാഷന്‍ ഔട്ട്ലെറ്റുകള്‍, ക്യാഷ് ആന്‍ഡ് ക്യാരി മൊത്തക്കച്ചവടം, ജിയോമാര്‍ട്ട് എന്ന ഓണ്‍ലൈന്‍ പലചരക്ക് സ്റ്റോര്‍ എന്നിവയാണ് റിലയന്‍സ് റീട്ടെയില്‍ യൂണിറ്റ് നടത്തുന്നത്.

Related Articles

© 2025 Financial Views. All Rights Reserved