
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൈബൈല്‍ നിര്‍മ്മാതാക്കളായ മാരുതി സൂസുക്കി കനത്ത തിരിച്ചടി നേരിടുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 40,2594 യൂണിറ്റുകളാണ് കമ്പനിയ്ക്ക് വിറ്റഴിക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇത് 17.9 ശതമാനം ഇടിവാണെന്നും കമ്പനി വ്യക്തമാക്കുന്നു. വില്‍പന ഗണ്യമായി കുറഞ്ഞത് കമ്പനിയെ 2014ന് ശേഷമുള്ള വലിയ നഷ്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വായ്പാലഭ്യത കുറഞ്ഞതും കമ്പനിയെ സാരമായി ബാധിച്ചുവെന്നും അധികൃതര്‍ പറയുന്നു. മൊത്ത ലാഭം നോക്കിയാല്‍ 27.3 ശതമാനം ഇടിവാണ് മാരുതി സുസൂക്കി നേരിടുന്നത്. 2014ലെ നാലാം പാദത്തിന് ശേഷം കമ്പനി നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിത്. ഇതോടെ ലാഭം 1975.3 കോടിയില്‍ നിന്നും 1435.5 കോടിയായി താഴ്ന്നു.
രാജ്യത്തെ വാഹന വപണി കഴിഞ്ഞ 20 വര്‍ഷത്തെ കണക്ക് നോക്കിയാല്‍ താഴ്ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വില്പന വരുമാനം 14.1 ശതമാനം ഇടിഞഞ് 21810.7 കോടിയില്‍ നിന്നും 18,735.2 കോടിയായി താഴ്ന്നിരുന്നു.
ഉല്‍പാദനം കുറച്ച് കമ്പനി
വാണിജ്യ വാഹനമായ സൂപ്പര്‍ ക്യാരി ഉള്‍പ്പടെ തങ്ങളുടെ എല്ലാ വാഹനങ്ങളുടേയും ഉത്പാദനം കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 1,32,616 യൂണിറ്റുകള്‍ ഉത്പാദിപ്പിച്ചിരുന്ന സൂപ്പര്‍ ക്യാരി ഈ വര്‍ഷം ജൂണില്‍ 1,11,917 യൂണിറ്റുകളാണ് ഉത്പാദിപ്പിച്ചത്. ചെറു കാര്‍ വിഭാഗത്തില്‍ 36.2 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 18,733 യൂണിറ്റുകളാണ് ആകെ വിറ്റ് പോയത്.
അതിനാല്‍ തന്നെ ഈ ചെറുകാര്‍ വിഭാഗത്തിന്റെ ഉത്പാദനം 48.2 ശതമാനമായി നിര്‍മ്മാതാക്കള്‍ കുറച്ചിരിക്കുകയാണ്. 2018 ജൂണില്‍ 29,131 യൂണിറ്റുകള്‍ ഉത്പാദനമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15,087 യൂണിറ്റുകളാണ് ഉത്പാദിപ്പിക്കുന്നത്.