തുടര്‍ച്ചയായ 16-ാം വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി മാരുതി ആള്‍ട്ടോ

June 15, 2020 |
|
News

                  തുടര്‍ച്ചയായ 16-ാം വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി മാരുതി ആള്‍ട്ടോ

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിഭാഗത്തിലെ പ്രമുഖനാണ് മാരുതി ആള്‍ട്ടോ. 2000 ല്‍ രാജ്യത്ത് ആദ്യമായി വിപണിയിലെത്തിയതിനുശേഷം എല്ലാ വര്‍ഷവും മുന്‍നിരയില്‍ തന്നെയുണ്ട് ആള്‍ട്ടോ. ഇപ്പോഴിതാ തുടര്‍ച്ചയായ 16-ാമത്തെ വര്‍ഷത്തിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയിരിക്കുകയാണ് മാരുതി സുസുക്കിയുടെ ബജറ്റ് ശ്രേണിയിലെ കാര്‍. തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ഇത് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കിടയില്‍ മികച്ച സ്വാധീനം ചെലുത്താന്‍ ആള്‍ട്ടോയ്ക്ക് കഴിഞ്ഞതായും കമ്പനി അറിയിച്ചു.

2004-ല്‍ ആണ് (വിപണിയിലെത്തിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറെന്ന നേട്ടം മാരുതി ആള്‍ട്ടോ സ്വന്തമാക്കിയത്. അതിനുശേഷം നാളിതുവരെ ആ സ്ഥാനം അലങ്കരിക്കുകയാണ് ആള്‍ട്ടോ എന്നതും സവിശേഷമായ കാര്യമാണ്. 2008 ആയപ്പോഴേക്കും 10 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കുകയും 2012 ആയപ്പോഴേക്കും ഇത് 20 ലക്ഷമായി വര്‍ദ്ധിക്കുകയും ചെയ്തു. മറ്റൊരു നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം യൂണിറ്റ് ആള്‍ട്ടോ കൂടി വിറ്റഴിക്കാന്‍ കമ്പനിയ്ക്കായി. 2019 നവംബറില്‍ 38 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ ഏക കാറായി ആള്‍ട്ടോ മാറിയിരുന്നു. നാളിതുവരെയുള്ള കണക്കുകള്‍ പ്രകാരം 39 ലക്ഷത്തിലധികം യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചു.

കഴിഞ്ഞ വര്‍ഷം ഏകദേശം 1.50 ലക്ഷം യൂണിറ്റുകളും. സമയബന്ധിതമായ നവീകരണം ഇന്ത്യന്‍ വിപണിയില്‍ ആള്‍ട്ടോയെ പ്രിയങ്കരമാക്കാന്‍ സഹായിച്ചിരിക്കാം. കോംപാക്റ്റ് കാര്‍ ശ്രേണിയില്‍പ്പോലും ഉപയോക്താക്കാള്‍ താങ്ങാനാവുന്ന വിലയും പ്രവര്‍ത്തനച്ചെലവും മാത്രമല്ല നോക്കുന്നത്, മറിച്ച് കാറിലെ സുഖസൗകര്യങ്ങളും സുരക്ഷ സജ്ജീകരണങ്ങളും ഉള്‍പ്പടെയുള്ള സവിശേഷതകളും നോക്കുന്നു. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് സുരക്ഷ സവിശേഷതകളും എയ്റോ എഡ്ജ് ഡിസൈനും ആള്‍ട്ടോയും ഏറ്റവും പുതിയ വകഭേദത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

2019 -ല്‍ ബിഎസ് 6 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിന്‍ അപ്ഗ്രേഡ് ചെയ്തതിനാല്‍, ഒരു ഫാക്ടറി ഫിറ്റഡ് സിഎന്‍ജി പതിപ്പ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഇപ്പോള്‍ ലഭ്യമാണ്. ആള്‍ട്ടോയ്ക്ക് മുമ്പ് റെനോ ക്വിഡിനെ പോലെ ശക്തമായ ചില എതിരാളികളുണ്ടായിരുന്നു. എങ്കിലും ആള്‍ട്ടോയുടെ ഒന്നാം സ്ഥാനം പിടിച്ചടക്കാന്‍ മറ്റു മോഡലുകള്‍ക്ക് കഴിഞ്ഞില്ല. കൊവിഡ് അനുബന്ധ ഘടകങ്ങള്‍ കാരണം ചെറിയ കാര്‍ വില്‍പ്പന വര്‍ധിക്കുമെന്ന് പലരും പ്രവചിക്കുന്നതിനാല്‍, രാജ്യത്തെ ഏറ്റവും ജനപ്രിയ കാര്‍ എന്ന വിശേഷണത്തിലേക്ക് ഒട്ടും വൈകാതെ തന്നെ മാരുതി ആള്‍ട്ടോ എത്തിയേക്കാം.

Related Articles

© 2025 Financial Views. All Rights Reserved