
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോ 20 വര്‍ഷം മുമ്പ് വിപണിയിലെത്തിയതിനുശേഷം 40 ലക്ഷം കാറുകള്‍ വിറ്റതായി കമ്പനി അറിയിച്ചു. 40 ലക്ഷത്തിലധികം ഇന്ത്യന്‍ കുടുംബങ്ങളില്‍ ആള്‍ട്ടോ സ്ഥാനമുറപ്പിച്ചു. യുവാക്കളുടെ മാറിക്കൊണ്ടിരിക്കുന്ന അഭിലാഷങ്ങളുമായി സ്വയം പരിണമിച്ച ഒരു ഐക്കണിക് ബ്രാന്‍ഡിന്റെ തെളിവാണ് ഈ മോഡല്‍.
കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ കോംപാക്റ്റ് കാര്‍ ഒന്നിലധികം മാറ്റങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ഇത് കൂടുതല്‍ സമകാലികമാക്കുകയും ഉപഭോക്താവിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നുവെന്ന് വാഹന ഭീമനായ മാരുതി പറഞ്ഞു.
ആള്‍ട്ടോ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ ഒന്നാം നമ്പര്‍ വില്‍പ്പനയുള്ള കാറായി മാരുതി സ്ഥാനം നേടിയിട്ടുണ്ട്. നിരവധി പേരുടെ ഹൃദയങ്ങള്‍ കീഴടക്കുകയും നിരവധിയാളുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുള്ള കാറാണിതെന്ന് എംഎസ്‌ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
ഓരോ അപ്ഗ്രേഡിലും ഈ മോഡല്‍ കൂടുതല്‍ ആകര്‍ഷണീയമാകുകയും ആദ്യമായി വാങ്ങുന്നവര്‍ക്ക് ഇഷ്ടമുള്ള ചോയിസായി മാറുകയും ചെയ്തു. 2019-20 ല്‍ 76 ശതമാനം ആള്‍ട്ടോ ഉപഭോക്താക്കളും തങ്ങളുടെ ആദ്യത്തെ കാറായി ഇത് തിരഞ്ഞെടുത്തു. ഇത് നടപ്പുവര്‍ഷത്തില്‍ 84 ശതമാനമായി ഉയര്‍ന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു.
മാരുതി സുസുക്കി ഇന്ത്യ 2000ലാണ് ആള്‍ട്ടോ അവതരിപ്പിച്ചത്. 2008 ല്‍ 10 ലക്ഷം കാറുകളുടെ വില്‍പ്പനയും 2012 ല്‍ 20 ലക്ഷവും 2016 ല്‍ 30 ലക്ഷവും കടന്നു. കഴിഞ്ഞ 16 വര്‍ഷത്തിനുശേഷം എല്ലാ വര്‍ഷവും ഉയര്‍ന്ന മത്സരാധിഷ്ഠിത പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി ആള്‍ട്ടോ മാറി. 2019-20ല്‍ ആള്‍ട്ടോ വില്‍പ്പനയുടെ 59 ശതമാനം വരുന്നത് അപ്കണ്‍ട്രി മാര്‍ക്കറ്റുകളില്‍ നിന്നാണ്, ഇത് നടപ്പുവര്‍ഷത്തില്‍ 62 ശതമാനമായി. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നതിനു പുറമേ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ വിപണികള്‍ ഉള്‍പ്പെടെ 40 ലധികം രാജ്യങ്ങളിലേക്ക് മാരുതി സുസുക്കി ഈ മോഡല്‍ കയറ്റുമതി ചെയ്യുന്നുണ്ട്.