
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കാളായ മാരുതി സുസുക്കി വീണ്ടും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ വാഹന വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണു സൂചന. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് കമ്പനി വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. തുടരെത്തുടരെയുള്ള വില വര്‍ധന ഉപയോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും തലവേദനയാകുന്നുണ്ട്. എന്‍ട്രി മോഡലായ ഓള്‍ട്ടോ മുതല്‍ എസ്.യു.വി. മോഡലായ വിറ്റാര ബ്രെസ വരെയുള്ളവയുടെ വിലയില്‍ വര്‍ധനയുണ്ടാകും. കാര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതമാക്കുന്നതെന്നു കമ്പനി വ്യക്തമാക്കി.
വരാനിരിക്കുന്ന ഉത്സവസീസണ്‍ ലക്ഷ്യമിട്ടുള്ളതാണ് നിലവിലെ നിരക്കു വര്‍ധന. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന ചൂണ്ടിക്കാട്ടി ഈ വര്‍ഷം ജനുവരിയില്‍ മാരുതി വിവിധ മോഡലുകളുടെ വില 34,000 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ഏപ്രിലില്‍ വിവിധ മോഡലുകളുടെ വിലയില്‍ 1.6 ശതമാനം വര്‍ധനയാണു വരുത്തിയത്. നിലവില്‍ എത്ര ശതമാനം വര്‍ധനയാണ് വരുത്തുന്നതെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. എല്ലാ മോഡലുകളുടേയും വില വര്‍ധിക്കുമെന്നാണു സൂചന. കോവിഡിനു ശേഷം തിരിച്ചുവരവ് നടത്തുന്ന മേഖലകളില്‍ മുന്നിലാണ് വാഹനമേഖല. ഈ സമയത്തു നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതു വഴി കൂടുതല്‍ ലാഭമുണ്ടാക്കാനുളള തന്ത്രമാണ് കമ്പനി നടത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. കോവിഡിനു ശേഷം ഒരു ചെറിയ കാറെങ്കിലും സ്വന്തമാക്കണമെന്ന ആളുകളുടെ സ്വപ്നം വര്‍ധിച്ചിട്ടുണ്ട്. ലോക്ക്ഡൗണുകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പ്ലാന്റുകള്‍ വാഹനക്കമ്പനികള്‍ക്കു അടച്ചിടേണ്ടി വന്നിരുന്നു. ഈ നഷ്ടം നികത്താനാണു ഇല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വിലവര്‍ധനയെന്നാണു വിപണിയിലെ സംസാരം.
മാരുതി വില വര്‍ധിപ്പിച്ചതോടെ മറ്റു കമ്പനികളും ഉടനെ വില വര്‍ധിപ്പിക്കുമെന്നാണു സൂചന. ജൂലൈയില്‍ മഹീന്ദ്രയും തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ മൂന്നു തവണയാണ് മഹീന്ദ്ര വില വര്‍ധന നടപ്പാക്കിയത്. ജനപ്രിയ മോഡലായ ഥാറിന്റെ വില ഒരു ലക്ഷം രൂപ വരെയാണ് അന്ന് വര്‍ധിപ്പിച്ചത്. ജനുവരിയില്‍ രണ്ടു തവണയും മേയില്‍ ഒരു തവണയും മഹീന്ദ്ര വിവിധ മോഡലുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. ടാറ്റയാണ് വില വര്‍ധന നടപ്പാക്കിയ മറ്റൊരു കമ്പനി. ഈ മാസം ആദ്യം എല്ലാ മോഡലുകളുടേയും വിലയില്‍ 0.8 ശതമാനം വര്‍ധനയാണ് ടാറ്റ വരുത്തിയത്. മേയില്‍ വിവിധ മോഡലുകളുടെ വില 36,000 രൂപ വരെ കമ്പനി ഉയര്‍ത്തിയിരുന്നു. രാജ്യാന്തരതലത്തില്‍ നേരിട്ട ചിപ്പ് ക്ഷാമമായിരുന്നു ടാറ്റയെ ബാധിച്ചത്.