
മുംബൈ : മികച്ച മൈലേജ്, കൂടുതല്‍ കരുത്ത് ഇതാണ് ജനപ്രിയ ബ്രാന്‍ഡായ ഓള്‍ട്ടോ കുറിച്ച് വാഹന പ്രേമികള്‍ പറയുന്നത്. എന്നാല്‍ ആഗോള തലത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്താണ് മുന്നേറുന്നത്. ചറുകാറുകളിലെ ഊ കുഞ്ഞന്‍ ഓള്‍ട്ടോ ഇതുവരെയുള്ള വില്‍പ്പന 38 ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രാജ്യത്ത് ഏറ്റവുമധികം വില്‍പനയുള്ള കാറായി മാരുതി സുസുക്കിയുടെ ചെറു ഹാച്ച്ബാക്കായ ഓള്‍ട്ടോ മാറി കഴിഞ്ഞു.
ആദ്യമായി കാര്‍ വാങ്ങാനെത്തുന്നവരാണ് ഓള്‍ട്ടോ ഉടമസ്ഥരില്‍ 54 ശതമാനത്തോളമെന്ന് മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ വിശദീകരിച്ചു. ഒതുക്കമുള്ള രൂപകല്‍പ്പനയും അനായാസം കൈകാര്യം ചെയ്യാമെന്നതും ഉയര്‍ന്ന ഇന്ധനക്ഷമതയും പരിഷ്‌കരിച്ച സുരക്ഷാ നിലവാരവുമൊക്കെയാണ് ആദ്യമായി കാര്‍ വാങ്ങാനെത്തുന്നവരെ 'ഓള്‍ട്ടോ'യിലേക്ക് ആകര്‍ഷിക്കുന്നത്. പോരെങ്കില്‍ കുറഞ്ഞ പരിപാലന/പ്രവര്‍ത്തന ചെലവും 'ഓള്‍ട്ടോ'യുടെ നേട്ടമാണെന്ന് ശ്രീവാസ്തവ വിശദീകരിച്ചു.
മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മാരുതി സുസുക്കിക്കുള്ള പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് 'ഓള്‍ട്ടോ' ശ്രേണിയിലെ 38 ലക്ഷം കാറുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പോരെങ്കില്‍ മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എന്‍ജിന്‍ സഹിതം എന്‍ട്രി ലവല്‍ വിഭാഗത്തില്‍ വില്‍പ്പനയ്‌ക്കെത്തിയ ആദ്യ കാറുമാണ് 'ഓള്‍ട്ടോ'യെന്നു മാരുതി സുസുക്കി അവകാശപ്പെടുന്നു. ഒപ്പം ലീറ്ററിന് 22.05 കിലോമീറ്റര്‍ ഇന്ധനക്ഷമതയും 'ഓള്‍ട്ടോ'യ്ക്കു മാരുതി അവകാശപ്പെടുന്നുണ്ട്. ഡ്രൈവറുടെ ഭാഗത്തെ എയര്‍ബാഗ് സ്റ്റാന്‍ഡേഡ് വ്യവസ്ഥയില്‍ ലഭിക്കുമ്പോള്‍ ഈ വിഭാഗത്തില്‍ അടിസ്ഥാന പതിപ്പു മുതല്‍ ഓപ്ഷനല്‍ വ്യവസ്ഥയില്‍ മുന്‍സീറ്റ് യാത്രികര്‍ക്കും എയര്‍ബാഗ് ലഭിക്കുന്ന ഏക മോഡലും ഓള്‍ട്ടോയാണത്രെ.
ഇതിനു പുറമെ മെച്ചപ്പെട്ട സുരക്ഷയ്ക്ക് ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) , ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം(ഇ ബി ഡി), റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലെര്‍ട്ട് സംവിധാനം, മുന്‍ സീറ്റ് യാത്രികര്‍ക്കു സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവയൊക്കെ പുത്തന്‍ ഓള്‍ട്ടോയിലുണ്ട്. ക്രാഷ് ടെസ്റ്റിലെയും കാല്‍നടയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും പുത്തന്‍ മാനദണ്ഡങ്ങളും ഓള്‍ട്ടോ പാലിക്കുന്നുണ്ട്.