
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റ് വില്‍പ്പന പൂര്‍ത്തിയാക്കിയ ഒരേയൊരു കാറായി മാറിയിരിക്കുകയാണ് മാരുതി ആള്‍ട്ടോ. രാജ്യത്ത് ആള്‍ട്ടോയ്ക്ക് ലഭിക്കുന്ന ജനപ്രീതിയുടെ ഉത്തമ ഉദാഹരണമാണ് വാഹന നിര്‍മ്മാതാക്കള്‍ പിന്നിട്ട ഈ നാഴികക്കല്ല്. ഇന്ത്യന്‍ നിരത്തുകളില്‍ സര്‍വസാധാരാണക്കാരനായ ആള്‍ട്ടോ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വില്‍പ്പന ചാര്‍ട്ടുകളില്‍ ഭരിച്ചു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വില, മികച്ച രൂപഭാവം, സുരക്ഷ, മറ്റു സവിശേഷതകള്‍ എന്നിവയിലേക്കുള്ള അപ്ഗ്രേഡുകളിലേക്ക് ഡ്രൈവ് ചെയ്യാന്‍ സൗകര്യപ്രദവും മാരുതി സുസുക്കിയുടെ വില്‍പ്പനാനന്തര പിന്തുണയും ജനങ്ങള്‍ക്കിടയില്‍ ആള്‍ട്ടോയെ പ്രിയങ്കരമാക്കി. ഈ ഘടകങ്ങള്‍ മൂലം മികച്ച പുനര്‍-വില്‍പ്പന മൂല്യവും കാറിന് ലഭിക്കുന്നുവെന്നത് ശ്രദ്ധേയം.
അതുപോലെ, തുടര്‍ച്ചയായ 16 വര്‍ഷത്തോളമായി രാജ്യത്തെ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ആള്‍ട്ടോ ഒന്നാം സ്ഥാനത്ത് തുടരുന്നുവെന്ന് മാരുതി സുസുക്കി അടവരയിട്ട് പറയുന്നു. 'തുടര്‍ച്ചയായ പതിനാറാം വര്‍ഷവും ഇന്ത്യയില്‍ ഒന്നാം നമ്പര്‍ വില്‍പ്പനയുള്ള കാറായി മാരുതി ആള്‍ട്ടോ റാങ്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. 40 ലക്ഷം മൊത്ത വില്‍പ്പനയെന്ന മറ്റൊരു ശ്രദ്ധേയ നാഴികക്കല്ലും ആള്‍ട്ടോ പിന്നിട്ടതില്‍ കമ്പനി അഭിമാനം കൊള്ളുന്നു,' മാരുതി സുസുക്കിയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി. ഇന്ത്യയിലെ മറ്റൊരു കാറും നേടാത്ത വില്‍പ്പന റെക്കോര്‍ഡാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപയോക്താക്കള്‍ക്ക് ആള്‍ട്ടോയുമായുള്ള വൈകാരിക ബന്ധവും ഈ വില്‍പ്പന, റെക്കോര്‍ഡ് ഉയരങ്ങളിലെത്തുന്നതിന് സഹായിച്ചു.
2004 -ലാണ് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറെന്ന ബഹുമതി ആദ്യമായി ആള്‍ട്ടോയ്ക്ക് ലഭിക്കുന്നത്. വിപണിയിലെത്തി നാല് വര്‍ഷത്തിന് ശേഷം ഈ ബഹുമതി ചൂടിയ ആള്‍ട്ടോയ്ക്ക് പിന്നീടൊരിക്കലും ഈ കിരീടം കൈവിടേണ്ടിവന്നിട്ടില്ലെന്നതും ചരിത്രം. 2008 ആയപ്പോഴേക്കും 10 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കുകയും 2012 -ലിത് 20 ലക്ഷമായി വര്‍ധിക്കുകയും ചെയ്തു. മറ്റൊരു നാല് വര്‍ഷം പിന്നിട്ടപ്പോള്‍ 10 ലക്ഷം യൂണിറ്റുകള്‍ കൂടി വിറ്റഴിക്കപ്പെട്ടു. 2019 നവംബറില്‍ 38 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ ഏക കാറായും മാരുതി ആള്‍ട്ടോ മാറി. മുമ്പ് ചില ശക്തമായ എതിരാളികള്‍ ആള്‍ട്ടോയ്ക്ക് ഉണ്ടായിരുന്നു. റെനോ ക്വിഡ് അത്തരമൊരു ഉദാഹരണമാണ്. എന്നിരുന്നാലും, ആള്‍ട്ടോയുടെ ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ മറ്റൊരു കാറിനും ഇതുവരെ സാധിച്ചിട്ടില്ല.