
രാജ്യത്തെ കാര്‍ വില്‍പ്പന 'ട്രാക്കിലേക്ക്' തിരിച്ചുവരികയാണ്. തുടര്‍ച്ചയായി രണ്ടാം മാസവും കാര്‍ വില്‍പ്പന കൂടി. ഓഗസ്റ്റില്‍ എല്ലാ കമ്പനികളും ചേര്‍ന്ന് 2.34 ലക്ഷം പാസഞ്ചര്‍ കാറുകളാണ് വിപണിയില്‍ വിറ്റത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഇത്തവണ 19.6 ശതമാനം വില്‍പ്പന വര്‍ധിച്ചു. ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവുകള്‍ സംഭവിച്ചതും ഗണേശ ചതുര്‍ത്ഥി, ഓണം ഉത്സവങ്ങള്‍ നടന്നതും ഓഗസ്റ്റിലെ കാര്‍ വില്‍പ്പനയെ കാര്യമായി സ്വാധീനിച്ചു.
മാരുതി സുസുക്കിയാണ് കാര്‍ വില്‍പ്പനയില്‍ മുന്നില്‍. പോയമാസം 1.13 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി കയ്യടക്കി. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 93,137 കാറുകള്‍ മാത്രമായിരുന്നു കമ്പനി വിറ്റത്. ഇക്കുറി രേഖപ്പെടുത്തിയ വളര്‍ച്ച 21.3 ശതമാനം. ഓഗസ്റ്റില്‍ സ്വിഫ്റ്റ് (14,869 യൂണിറ്റുകള്‍), ആള്‍ട്ടോ (14,397 യൂണിറ്റുകള്‍), വാഗണ്‍ആര്‍ (13,770 യൂണിറ്റുകള്‍, ഡിസൈര്‍ (13,629 യൂണിറ്റുകള്‍) മോഡലുകള്‍ മാരുതിയുടെ വില്‍പ്പന ഗണ്യമായി ഉയര്‍ത്തി.
വിവിധോദ്ദേശ്യ മോഡലായ എര്‍ട്ടിഗ 9,032 യൂണിറ്റുകളുടെ വില്‍പ്പനയും ഈക്കോ 9,115 യൂണിറ്റുകളുടെ വില്‍പ്പന നേടിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ മേല്‍പ്പറഞ്ഞ മാരുതി കാറുകള്‍ യഥാക്രമം 19 ശതമാനം, 42 ശതമാനം, 21 ശതമാനം, 3 ശതമാനം, 11 ശതമാനം, 5 ശതമാനം എന്നിങ്ങനെ വളര്‍ച്ച കുറിച്ചു.
മാരുതി കഴിഞ്ഞാല്‍ ഹ്യുണ്ടായിയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കള്‍. ഓഗസ്റ്റില്‍ 45,809 യൂണിറ്റുകള്‍ ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയില്‍ വിറ്റു. വില്‍പ്പന വളര്‍ച്ച 19.9 ശതമാനം. ക്രെറ്റ (11,758 യൂണിറ്റുകള്‍), ഗ്രാന്‍ഡ് i10 (10,190യൂണിറ്റുകള്‍), എലൈറ്റ് i20 (7,765 യൂണിറ്റുകള്‍) മോഡലുകളാണ് ഹ്യുണ്ടായി നിരയിലെ രാജാക്കന്മാര്‍. പുത്തന്‍ പതിപ്പ് വിപണിയിലെത്തിയ സാഹചര്യത്തില്‍ ക്രെറ്റയുടെ വില്‍പ്പന 96 ശതമാനം കൂടിയത് കാണാം.
ഗ്രാന്‍ഡ് i10 വില്‍പ്പന 8 ശതമാനവും എലൈറ്റ് i20 വില്‍പ്പന 10 ശതമാനവും വര്‍ധിച്ചു. ഇതേസമയം, വെന്യു എസ്യുവിയുടെ വില്‍പ്പനയില്‍ കമ്പനിക്ക് തിരിച്ചടി പറ്റി. 12 ശതമാനം ഇടിവില്‍ 8,267 വെന്യു യൂണിറ്റുകള്‍ മാത്രമാണ് ഹ്യുണ്ടായിക്ക് വില്‍ക്കാന്‍ കഴിഞ്ഞത്. വില്‍പ്പന പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ടാറ്റയാണ്. 154 ശതമാനം വര്‍ധനവോടെ 18,583 യൂണിറ്റുകള്‍ പോയമാസം ടാറ്റ മോട്ടോര്‍സ് വിപണിയില്‍ എത്തിച്ചു.
ടിയാഗൊ (5,743 യൂണിറ്റുകള്‍), നെക്സോണ്‍ (5,179 യൂണിറ്റുകള്‍) കാറുകളുടെ ചുവടുപിടിച്ചാണ് ടാറ്റയുടെ കുതിപ്പ്. ടിയാഗൊ വില്‍പ്പന 89 ശതമാനം വളര്‍ന്നു; നെക്സോണ്‍ വില്‍പ്പന 128 ശതമാനവും. 4,951 യൂണിറ്റുകളുടെ വില്‍പ്പന പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസും നേടിയത് കാണാം. 13,407 യൂണിറ്റുകളുടെ വില്‍പ്പനയുമായി മഹീന്ദ്രയാണ് ടാറ്റയ്ക്ക് പിറകില്‍ നാലാമത്. 2 ശതമാനം വില്‍പ്പന വളര്‍ച്ച മഹീന്ദ്ര അവകാശപ്പെടുന്നു. ഓഗസ്റ്റില്‍ ബൊലേറോ (5,487 യൂണിറ്റുകള്‍), സ്‌കോര്‍പിയോ (3,327 യൂണിറ്റുകള്‍) എസ്യുവികള്‍ മഹീന്ദ്രയ്ക്ക് തുണയായി.
74 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ച കിയ മോട്ടോര്‍സാണ് അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 6,236 യൂണിറ്റുകള്‍ വിറ്റ കിയ, ഇക്കുറി 10,853 യൂണിറ്റുകളുടെ വില്‍പ്പന സ്വന്തമാക്കി. ഇതില്‍ 10,655 യൂണിറ്റും സെല്‍റ്റോസ് എസ്യുവിയുടെ മാത്രം സംഭാവനയാണ്. എംജി മോട്ടോറാണ് വില്‍പ്പനയില്‍ നേട്ടം കൊയ്ത മറ്റൊരു കാര്‍ കമ്പനി. 41.3 ശതമാനം വര്‍ധനവോടെ 2,851 യൂണിറ്റുകള്‍ പോയമാസം എംജി ഇന്ത്യയില്‍ വിറ്റു.
ഇതേസമയം, വില്‍പ്പനയില്‍ പിന്നാക്കം പോയ കാര്‍ നിര്‍മ്മാതാക്കളും വിപണിയിലുണ്ട്. ഹോണ്ട (7,509 യൂണിറ്റുകള്‍), ടൊയോട്ട (5,555 യൂണിറ്റുകള്‍), ഫോര്‍ഡ് (4,731 യൂണിറ്റുകള്‍), ഫോക്സ്വാഗണ്‍ (1,470 യൂണിറ്റുകള്‍), സ്‌കോഡ (1,003 യൂണിറ്റുകള്‍), നിസാന്‍ (810 യൂണിറ്റുകള്‍), ഫിയറ്റ് ക്രൈസ്ലര്‍ (468 യൂണിറ്റുകള്‍) എന്നിവര്‍ ഈ പട്ടികയില്‍പ്പെടും.