
ഡല്‍ഹി: അന്തരീക്ഷ മലീനികരണം കുറയ്ക്കുന്നതിനുള്ള ഭാരത് സ്റ്റേജ് (BS-VI) സ്റ്റാന്‍ഡേര്‍ഡ്‌സ് നിലവില്‍ വരുന്നതിന് പിന്നാലെ രാജ്യത്തെ ഡീസല്‍ കാറുകളുടെ ഉത്പാദനം നിറുത്തുമെന്ന തീരുമാനത്തില്‍ നിന്നും പിന്മാറി മാരുതി സുസൂക്കി. ഡീസല്‍ വാഹനങ്ങളുടെ ഉല്‍പാദനം പൂര്‍ണമായി നിറുത്തില്ലെന്നും വിപണിയ്ക്ക് ഉണര്‍വേകാന്‍ രാജ്യത്തെ ചെറുകിട ഡീസല്‍ കാറുകള്‍ക്ക് അഞ്ചു വര്‍ഷം അധികം വാറണ്ടി നല്‍കുമെന്നും കമ്പനി അറിയിച്ചു.
ആകെ വിറ്റുവരവിന്റെ 20 ശതമാനവും ലഭിക്കുന്നത് ഡീസല്‍ കാറുകളില്‍ നിന്നാണ്. ബിഎസ് 4 സ്റ്റാന്‍ഡാര്‍ഡുകള്‍ നിലവില്‍ വരുന്നതോടെ 2020 ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകളുടെ ഉത്പാദനം നിറുത്തുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. മാത്രമല്ല മാരുതിയുടെ വാഹനങ്ങളായ ബ്രീസയ്ക്കും എസ് ക്രോസിനും ബിഎസ് 4 പെട്രോള്‍ വാഹനങ്ങള്‍ ഉടന്‍ ഇറങ്ങുമെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ മാസം മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ ആയിരത്തിലധികം താല്‍ക്കാലിക ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. പുതിയ ജോലിക്കാരെ എടുക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ഇതിനൊപ്പം മറ്റ് ചിലവ് ചുരുക്കല്‍ നടപടികളും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.''താത്ക്കാലിക ജോലിക്കാരെയാണ് ഇത് പെട്ടെന്ന് ബാധിക്കുന്നത്. ഇവിടെയും ഇത് തന്നെ സംഭവിച്ചു''- എന്നായിരുന്നു മാരുതി സുസുക്കിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചത്.
കമ്പനിയുടെ ഓഗസ്റ്റില്‍ ഉണ്ടായ മൊത്തം വില്‍പ്പനയില്‍ 33.7 ശതമാനം ഇടിവായിരുന്നു രേഖപ്പെടുത്തിയത്. 1,06,413 യൂണിറ്റായിരുന്നു വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,58,189 യൂണിറ്റായിരുന്നു. ആഭ്യന്തര വില്‍പ്പന 34.3 ശതമാനം ഇടിഞ്ഞ് 97,061 യൂണിറ്റായി. 2018 ഓഗസ്റ്റില്‍ ഇത് 1,47,700 യൂണിറ്റായിരുന്നു. കോംപാക്റ്റ് സെഗ്മെന്റ് മോഡലുകളായ സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വില്‍പ്പന 23.9 ശതമാനം ഇടിഞ്ഞ് 54,274 യൂണിറ്റായി. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 71,364 ആയിരുന്നു.
മിഡ്-സൈസ്ഡ് കാറുകളായ സെഡാന്‍ സിയാസിന്റെ വില്‍പ്പന 1,596 യൂണിറ്റാണ് നേരത്തെ ഇത് 7,002 യൂണിറ്റായിരുന്നു. അതേസമയം വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന 3.1 ശതമാനം ഉയര്‍ന്ന് 18,522 യൂണിറ്റിലെത്തി. മുന്‍വര്‍ഷം ഇത് 17,971 ആയിരുന്നു. ഓഗസ്റ്റിലെ കയറ്റുമതി 10.8 ശതമാനം ഇടിഞ്ഞ് 9,352 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,489 യൂണിറ്റായിരുന്നു.