
ഓട്ടോമൊബൈല്‍ കമ്പനിയായ മാരുതി സുസുക്കി 2020 നവംബറില്‍ മൊത്തം വില്‍പ്പനയില്‍ 1.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കമ്പനി കഴിഞ്ഞ മാസം 1,53,223 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. 2019 നവംബറില്‍ 1,50,630 യൂണിറ്റുകളാണ് വിറ്റത്. 2020 ഒക്ടോബറില്‍ കമ്പനി 1,82,448 യൂണിറ്റ് വാഹനങ്ങള്‍ വിറ്റിരുന്നു.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2020 നവംബറില്‍ മൊത്തം 1,53,223 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടത്തിയത്. 2019 നവംബറിനെ അപേക്ഷിച്ച് ഇത് 1.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം വില്‍പ്പനയില്‍ 1,38,956 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും മറ്റ് ഒഇഎമ്മുകള്‍ക്കായി 5,263 യൂണിറ്റുകളും ഉള്‍പ്പെടുന്നു. കൂടാതെ 2020 നവംബറില്‍ കമ്പനി 9,004 യൂണിറ്റ് കയറ്റുമതി ചെയ്തു. കൂടാതെ, ഉല്‍പ്പാദനം, വില്‍പ്പന, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ള എല്ലാ സുരക്ഷാ ആവശ്യകതകളുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നതാണെന്നും കമ്പനി അറിയിച്ചു.
ആള്‍ട്ടോ, എസ്-പ്രസ്സോ എന്നിവ ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന 15.1 ശതമാനം ഇടിഞ്ഞ് 22,339 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 26,306 ആയിരുന്നു. അതുപോലെ, കോംപാക്റ്റ് സെഗ്മെന്റ് കാറുകളായ സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍ എന്നിവയുടെ വില്‍പ്പന 1.8 ശതമാനം ഇടിഞ്ഞ് 76,630 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 78,013 കാറുകളായിരുന്നു. മിഡ്-സൈസ് സെഡാന്‍ സിയാസിന്റെ വില്‍പ്പന 2019 നവംബറില്‍ 1,448 ല്‍ നിന്ന് 29.1 ശതമാനം ഉയര്‍ന്ന് 1,870 യൂണിറ്റായി.
വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹന വില്‍പ്പന 2.4 ശതമാനം ഉയര്‍ന്ന് 23,753 യൂണിറ്റായി. മുന്‍വര്‍ഷം ഇത് 23,204 ആയിരുന്നു. നവംബറില്‍ കയറ്റുമതി 29.7 ശതമാനം ഉയര്‍ന്ന് 9,004 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,944 യൂണിറ്റായിരുന്നു.