ആദ്യ ഇലക്ട്രിക് മോഡല്‍ പ്രഖ്യാപനവുമായി മാരുതി സുസുക്കി; അറിയാം

December 10, 2021 |
|
News

                  ആദ്യ ഇലക്ട്രിക് മോഡല്‍ പ്രഖ്യാപനവുമായി മാരുതി സുസുക്കി; അറിയാം

ഇന്ത്യയിലെ പ്രമുഖ വാഹന കമ്പനികളെല്ലാം വൈദ്യുത വാഹഹനങ്ങളിലേക്ക് തിരിയുമ്പോള്‍ നിര്‍ണായക പ്രഖ്യാപനവുമായി മാരുതി സുസുക്കി. 2018ല്‍ മാരുതി പറഞ്ഞത് 2020 ഓടെ ഇ-കാറുകള്‍ പുറത്തിറക്കുമെന്നാണ്. എന്നാല്‍ 2025 ഓടെ മാത്രമേ ഇലക്ട്രിക് വാഹനങ്ങളിലേക്ക് എത്തുകയുള്ളു എന്നും നിലവിലെ വിപണി സാഹചര്യം അനുകൂലമല്ലെന്നും 2021ല്‍ മാരുതി വ്യക്തമാക്കിയിരിന്നു.

ഇപ്പോള്‍ പറഞ്ഞതിലും ഒരു വര്‍ഷം നേരത്തെ ഇ-കാറുകളിലേക്ക് തിരിയുകയാണ് മാരുതി. തങ്ങളുടെ ആദ്യ ഇലക്ട്രിക് മോഡലും മാരുതി പ്രഖ്യാപിച്ചു. കമ്പനിയുടെ ഏറ്റവും ജനകീയമായ വാഹനങ്ങളിലൊന്ന് വാഗണ്‍ആറിന്റെ ഇലക്ട്രിക് പതിപ്പ് 2024ല്‍ നിരത്തുകളിലെത്തും. എന്നാല്‍ കൃത്യമായ ഒരു തീയതി കമ്പനി അറിയിച്ചിട്ടില്ല. വാഗണ്‍ആറിന് പുറകെ മറ്റ് ഇലക്ട്രിക് മോഡലുകളും അവതരിപ്പിക്കും. ബാറ്ററി സാങ്കേതികവിദ്യയിലും മാരുതി നിക്ഷേപം നടത്തുന്നുണ്ട്. ഇതിനായി തോഷിബ, ഡെന്‍സോ തുടങ്ങിയവരുമായി കമ്പനി സഹകരിക്കുന്നുണ്ട്. ഗുജറാത്തില്‍ 1200 കോടിമുടക്കി മാരുതി, തോഷിബ, ഡെന്‍സോ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച രാജ്യത്തെ ആദ്യ ലിഥിയം അയണ്‍ ബാറ്ററി സെല്‍ പ്ലാന്റ് അടുത്തിടെ കമ്മീഷന്‍ ചെയ്തിരുന്നു. നിലവില്‍ ഫാക്ടറിയില്‍ ട്രെയല്‍ പ്രൊഡക്ഷന്‍ നടക്കുകയാണ്.

10-12 ലക്ഷം രൂപയ്ക്ക് ഇ-കാറുകള്‍ അവതരിപ്പിക്കുന്നത് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ലെന്ന നിലപാടാണ് മാരുതിക്കുള്ളത്. അതുകൊണ്ട് തന്നെ 10 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള മോഡലുകളാകും മാരുതി അവതരിപ്പിക്കുക എന്നാണ് കരുതുന്നത്. പാസഞ്ചര്‍ വാഹന വിപണിയില്‍ മാരുതിക്ക് പിന്നിലുള്ള ഹ്യൂണ്ടായിയും ടാറ്റയും വരും വര്‍ഷങ്ങളിലേക്കുള്ള ഇലക്ട്രിക് വാഹന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ശതമാനം വിപണി വിഹിതവുമായി ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്സിനാണ് രാജ്യത്ത് മേല്‍ക്കൈ.

Related Articles

© 2025 Financial Views. All Rights Reserved