
ദുബായ്: ദുബായിലെ ആദ്യകാല ബാങ്കുകളില്‍ ഒന്നായ മഷ്‌റെഖ് ബാങ്കിന്റെ അറ്റാദായത്തില്‍ 28.3 ശതമാനം ഇടിവ്. ഈ വര്‍ഷം ആദ്യപാദത്തില്‍ 450 മില്യണ്‍ ദിര്‍ഹമാണ് ബാങ്ക് അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 628 മില്യണ്‍ ദിര്‍ഹമായിരുന്നു ബാങ്കിലെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിലും കുറവുണ്ടായതായി ബാങ്ക് വ്യക്തമാക്കി. 1.5 ബില്യണ്‍ ദിര്‍ഹമാണ് കഴിഞ്ഞ പാദത്തില്‍ ബാങ്ക് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനമായി നേടിയത്.
അതേസമയം നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടായെന്നത് നിര്‍ണായക നേട്ടമാണെന്ന് ബാങ്ക് അവകാശപ്പെട്ടു. ഒരു വര്‍ഷത്തിനിടെ 164.5 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ മഷ്‌റെഖ് സ്വന്തമാക്കിയത്. നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷം 48 മില്യണ്‍ ദിര്‍ഹമായിരുന്നപ്പോള്‍ ഈ വര്‍ഷം അത് 127 മില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചു. ബാങ്കിന്റെ മൊത്തം ആസ്തികള്‍ 2 ശതമാനം വര്‍ധിച്ച് 162.6 ബില്യണ്‍ ദിര്‍ഹമായി. കഴിഞ്ഞ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് വായ്പകളും അഡ്വാന്‍സുകളും 2.8 ശതമാനം ഉയര്‍ന്ന് 78.3 ബില്യണ്‍ ദിര്‍ഹത്തിലെത്തി. അതേസമയം ഉപഭോക്താക്കളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ 2.7 ശതമാനം ഇടിഞ്ഞ് 88.5 ബില്യണ്‍ ദിര്‍ഹമായി കുറഞ്ഞു. എങ്കിലും വായ്പ-നിക്ഷേപ അനുപാതം 88.5 ശതമാനത്തില്‍ ശക്തമായി തന്നെ തുടരുകയാണ്.
ലോകം മുഴുവന്‍ പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഒരു സമയമാണിതെന്നും കഠിനമായ പ്രവര്‍ത്തന സാഹചര്യങ്ങള്‍ക്കിടയിലും 2020 ആദ്യപാദത്തില്‍ വളര്‍ച്ചയുടെ പാതയില്‍ തുടരാന്‍ മഷ്‌റെഖിന് സാധിച്ചെന്നും ബാങ്കിന്റെ ഗ്രൂപ്പ് സിഇഒ അഹമ്മദ് അബ്ദേലാല്‍ പറഞ്ഞു. പലിശനിരക്കുകള്‍ കുത്തനെ താഴേക്ക് പോയിട്ടും കോവിഡ്-19 പ്രതിസന്ധിയുടെ ആഘാതമുണ്ടായിട്ടും ഭേദപ്പെട്ട അറ്റാദായം സ്വന്തമാക്കാന്‍ ബാങ്കിന് സാധിച്ചതായും വായ്പകളിലും അഡ്വാന്‍സുകളിലും ഏകദേശം 3 ശതമാനം വളര്‍ച്ചയോടെ വരുമാനത്തിന് ഇളക്കം തട്ടാതെ നിലനിര്‍ത്താന്‍ കഴിഞ്ഞതായും അബ്ദേലാല്‍ അവകാശപ്പെട്ടു. പലിശ-ഇതര വരുമാനവും പ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള വരുമാനവും തമ്മിലുള്ള അനുപാതം 48.7 ശതമാനമായി ഉയര്‍ന്നതും മഷ്‌റെഖിന്റെ നേട്ടങ്ങളിലൊന്നാണ്. മുന്‍വര്‍ഷം സമാനകാലയളവില്‍ ഇത് 40.4 ശതമാനമായിരുന്നു.