
ന്യൂഡല്‍ഹി: 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പെട്ടി വില വര്‍ധിപ്പിക്കാന്‍ തീരുമാനം. ഒരു രൂപയായിരുന്ന തീപ്പെട്ടി വില ഡിസംബര്‍ ഒന്ന് മുതല്‍ രണ്ട് രൂപയാക്കി ഉയര്‍ത്താനാണ് തീരുമാനിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും ഇന്ധന വില വര്‍ധനയുമാണ് തീപ്പെട്ടി വില കൂട്ടാന്‍ കാരണമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരു രൂപയാക്കി വര്‍ധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയില്‍ നിന്ന് 50 പൈസയാക്കിയത്. തീപ്പെട്ടി നിര്‍മ്മിക്കാനാവശ്യമായ 14 അസംസ്‌കൃത വസ്തുക്കള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ശിവകാശിയില്‍ നടന്ന 'ഓള്‍ ഇന്ത്യ ചേംബര്‍ ഓഫ് മാച്ചസ്' യോഗത്തില്‍ എല്ലാ തീപ്പെട്ടി നിര്‍മാണ കമ്പനികളും സംയുക്തമായാണ് തീരുമാനമെടുത്തത്.