
ന്യൂഡല്‍ഹി: ചെലവിടാവുന്ന വരുമാനത്തിലെ വര്‍ധന, പണപ്പെരുപ്പം എന്നിവയുടെ ഫലമായി ഇന്ത്യന്‍ കുടുംബങ്ങളുടെ മാംസത്തിനായുള്ള ചെലവിടല്‍ 2025ഓടെ മൊത്തം ഭക്ഷണച്ചെലവിന്റെ മൂന്നിലൊന്നാകുമെന്ന് പഠന റിപ്പോര്‍ട്ട്. കോഴിയിറച്ചിക്കും മറ്റ് ഇറച്ചികള്‍ക്കുമുള്ള ചെലവിടല്‍ വര്‍ധിക്കുമ്പോള്‍ റൊട്ടി, അരി, ധാന്യങ്ങള്‍ എന്നിവയ്ക്കുള്ള ചെലവിടല്‍ കുറയുമെന്ന് ഫിച്ച് സൊല്യൂഷന്‍സ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
''വര്‍ദ്ധിച്ചുവരുന്ന വേതനവും ചെലവിടാനാകുന്ന വരുമാനവും കഴിഞ്ഞ 20 വര്‍ഷമായി ഭക്ഷണത്തിലെ അനുപാതത്തില്‍ മാറ്റം വരുത്തി. ഇത് ശരാശരി ഇന്ത്യന്‍ കുടുംബത്തിന് അടിസ്ഥാന ഭക്ഷ്യവസ്തുക്കളേക്കാള്‍ കൂടുതല്‍ താങ്ങാന്‍ പ്രാപ്തമാക്കുന്നു,'' ഫിച്ച് റേറ്റിംഗ്‌സിന്റെ ഉപസ്ഥാപനമായ ഫിച്ച് സൊല്യൂഷന്‍സ് ഇന്ത്യ തയാറാക്കിയ ഡയറ്ററി റിപ്പോര്‍ട്ടില്‍ പറയുന്നു.
അനലിറ്റിക്‌സ് സ്ഥാപനത്തിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം, ശരാശരി ഇന്ത്യന്‍ കുടുംബം 2025 ല്‍ മൊത്തം ഗാര്‍ഹിക ബജറ്റിന്റെ 35.3 ശതമാനം ഭക്ഷണത്തിനായി ചെലവഴിക്കും. ഇത് 2005ലെ 33.2 ശതമാനത്തില്‍ നിന്ന് 2.1 ശതമാനം വര്‍ധനയാണ്. മാംസത്തിനായുള്ള ചെലവ് ഇതില്‍ ഏറ്റവും വലിയ വിഹിതം വഹിക്കും 2005 ല്‍ മൊത്തം ഭക്ഷ്യചെലവിടലിന്റെ 17.5 ശതമാനമായിരുന്നു മാംസത്തിന് ഉണ്ടായിരുന്നതെങ്കില്‍ 2025ഓടെ ഇത് 30.7 ശതമാനമായി മാറും. റൊട്ടി, അരി, ധാന്യങ്ങള്‍ എന്നിവയ്ക്കുള്ള ചെലവ് 28.8 ശതമാനത്തില്‍ നിന്ന് 23.8 ശതമാനമായി കുറയും. പഴങ്ങള്‍ക്കായുള്ള ചെലവിടല്‍ 6.4 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
എന്നിരുന്നാലും, ഇന്ത്യയില്‍ ഇറച്ചി ഉപഭോഗം വന്‍ തോതില്‍ വര്‍ധിക്കുന്നില്ലെന്നും ചെലവിടലിലെ ഉയര്‍ച്ചയ്ക്ക് പ്രധാനമായും കാരണമാകുന്നത് ഈ വിഭാഗത്തിലെ പണപ്പെരുപ്പം ആണെന്നും ഫിച്ച് പറഞ്ഞു. 2005നും 2025 നും ഇടയില്‍, മാംസത്തിനായുള്ള ചെലവിടലില്‍ ശരാശരി 17 ശതമാനം വാര്‍ഷിക വര്‍ധന പ്രകടമാകും, ഇത് മൊത്തം ഭക്ഷണ ചെലവിടലിന്റെ കാര്യത്തില്‍ 12 ശതമാനം മാത്രമാണ്.