മരുന്നുകളുടെ റീഇംബേഴ്‌സ് തുക 10,000 രൂപയാക്കി ഉയര്‍ത്തി ഇഎസ്‌ഐ

December 14, 2020 |
|
News

                  മരുന്നുകളുടെ റീഇംബേഴ്‌സ് തുക 10,000 രൂപയാക്കി ഉയര്‍ത്തി ഇഎസ്‌ഐ

തിരുവനന്തപുരം: ഇഎസ്‌ഐ ആശുപത്രികളില്‍ നിന്നും മരുന്നുകള്‍ക്ക് റീഇംബേഴ്‌സ്‌മെന്റ് ചെയ്യുന്ന പരമാവധി തുക ഉയര്‍ത്തി. നേരത്തെ മരുന്നകള്‍ക്ക് റീഇംബേഴ്‌സ്‌മെന്റ് നല്‍കിയിരുന്ന പരമാവധി തുക 2,000 രൂപയായിരുന്നു, ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ഇത് 10,000 രൂപയാക്കി ഉയര്‍ത്തി.

ആശുപത്രികളില്‍ മരുന്ന് തീരുമ്പോള്‍ രോഗികള്‍ക്ക് മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ടി വരും. ഈ മരുന്നു ബില്ലുകള്‍ പിന്നീട് കോര്‍പ്പറേഷന്‍ റീഇംബേഴ്‌സ് ചെയ്ത് നല്‍കും. എന്നാല്‍, ഈ നടപടിപ്രകാരം ഉയര്‍ന്ന ബില്ലുകള്‍ക്കുളള തുക കൈകാര്യം ചെയ്യാന്‍ രോഗികള്‍ ബുദ്ധിമുട്ടിയിരുന്നു. 2,000 രൂപയ്ക്ക് മുകളിലുളള ബില്ലുകള്‍ റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് വിടണമായിരുന്നു.

ഇപ്രകാരം ബില്ലുകള്‍ റീജയണല്‍ ഡയറക്ട്രേറ്റിലേക്ക് വിട്ടാലും അവിടെ പരമാവധി 6,000 രൂപ വരെ മാത്രമേ റീഇംബേഴ്‌സ് ചെയ്ത് നല്‍കിയിരുന്നൊളളൂ. സാധാരണ റീഇംബേഴ്‌സ് പരിധി 10,000 രൂപയാക്കിയതോടെ ഇനി ഇത്തരം ബില്ലുകള്‍ റീജയണല്‍ തലത്തിലേക്ക് അയക്കേണ്ടതില്ല. ഇതോടൊപ്പം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പാസാക്കാവുന്ന ബില്ലിന്റെ പരിധി 25,000 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.

ഇതിനും മുകളില്‍ ജോയിന്റ് ഡയറക്ടര്‍ക്ക് 75,000 രൂപ വരെ പുതുക്കിയ നിയമപ്രകാരം അനുവദിക്കാം. ഇഎസ്‌ഐ കോര്‍പ്പറേഷന് ഒരു രൂപയ്ക്ക് ലഭിക്കുന്ന ഗുളിക രോഗികള്‍ നാല് രൂപയ്ക്ക് പുറത്തുനിന്ന് വാങ്ങുന്നതായാണ് കണക്കാക്കുന്നത്. റീജിയണല്‍ തലത്തിലെ കരാര്‍ അനുസരിച്ചാണ് ഇഎസ്‌ഐ ആശുപത്രികളില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നത്. മരുന്നുകള്‍ ആശുപത്രികളില്‍ തീരുമ്പോള്‍ പുതിയവ എത്താന്‍ പലപ്പോഴും വൈകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ റീഇംബേഴ്‌സ്‌മെന്റാണ് രോഗികള്‍ക്ക് ആശ്രയം.

കേരളത്തില്‍ ഒരു ലക്ഷം ഇഎസ്‌ഐ അംഗങ്ങള്‍ക്കായി 141 ആശുപത്രികളാണ് നിലവിലുളളത്. രണ്ട് മാസത്തിലൊരിക്കല്‍ ആശുപത്രികളിലെ മരുന്നിന്റെ സ്റ്റോക്ക് കണക്കാക്കി ആവശ്യമായ രീതിയില്‍ മരുന്ന് ലഭ്യമാക്കണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നത്. ഈ ആവശ്യം പരിഗണിക്കാമെന്നും ഇഎസ്‌ഐ കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved