മേഘാലയ ബജറ്റില്‍ 1,849 കോടി രൂപയുടെ ധനക്കമ്മി

March 10, 2022 |
|
News

                  മേഘാലയ ബജറ്റില്‍ 1,849 കോടി രൂപയുടെ ധനക്കമ്മി

ഷില്ലോങ്ങ്: 2022-23 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ. അധിക നികുതികളൊന്നും നിര്‍ദ്ദേശിക്കുന്നില്ലെന്നും സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള ഫണ്ടിംഗിനായി പ്രത്യേക വിഭാഗം ആരംഭിക്കുമെന്നും സാങ്മ വ്യക്തമാക്കി. 1,849 കോടി രൂപയുടെ ധനക്കമ്മിയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ഇത് സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.5 ശതമാനം വരും.

ബജറ്റിംഗ് സമ്പ്രദായത്തില്‍ സര്‍ക്കാര്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ കീഴ്വഴക്കങ്ങള്‍ക്ക് അനുസൃതമായി പ്ലാന്‍- നോണ്‍ പ്ലാന്‍ എസ്റ്റിമേറ്റ് എന്നിവ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് 18,700 കോടി രൂപയുടെ വരവുണ്ടായെന്നും ഇതില്‍ 2,632 കോടി രൂപയുടെ വായ്പയും ഉള്‍പ്പെടുന്നുവെന്ന് ബുധനാഴ്ച്ച നടന്ന ബജറ്റ് സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അടുത്ത സാമ്പത്തിക വര്‍ഷം 18,881 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്നും നടപ്പ് സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 1,278 കോടി രൂപയുടെ വര്‍ധനവാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനം 41, 010 കോടി രൂപയാകുമെന്നാണ് പ്രതീക്ഷ. പ്രത്യേക സ്‌കീമുകളുമായി ബന്ധപ്പെട്ടതൊഴിച്ചാല്‍ 7,641 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചതെന്നും സാങ്മ പറഞ്ഞു. അസമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആറ് മേഖലകളിലെ തര്‍ക്കം പരിഹരിക്കുന്നതിനായി ധാരണ പത്രം ഒപ്പിട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved