ലുലു ഗ്രൂപ്പിൽ ഇനി അബുദാബി രാജകുടുംബാംഗത്തിനും പങ്ക്; ലുലു ഇന്‍റര്‍നാഷണലിന്‍റെ 20 ശതമാനം ഓഹരി വാങ്ങിയെന്ന് സൂചന; 7600 കോടി രൂപയുടെ ഇടപാട്; എം എ യൂസഫലിയുടെ വിജയ​ഗാഥ ഇങ്ങനെ

April 23, 2020 |
|
News

                  ലുലു ഗ്രൂപ്പിൽ ഇനി അബുദാബി രാജകുടുംബാംഗത്തിനും പങ്ക്; ലുലു ഇന്‍റര്‍നാഷണലിന്‍റെ 20 ശതമാനം ഓഹരി വാങ്ങിയെന്ന് സൂചന; 7600 കോടി രൂപയുടെ ഇടപാട്; എം എ യൂസഫലിയുടെ വിജയ​ഗാഥ ഇങ്ങനെ

അബുദാബി: പ്രമുഖ വ്യവസായിയും മലയാളിയുമായ എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലിന്‍റെ 20 ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബാംഗം വാങ്ങി. 100 കോടി ഡോളറിനാണ്  (ഏകദേശം 7600 കോടി രൂപ)  ഓഹരികള്‍ വാങ്ങിയത്. അബുദാബി രാജകുടുംബത്തിന്‍റെ  ഉടമസ്ഥതയിലുള്ള റോയല്‍ ഗ്രൂപ്പ് ചെയര്‍മാനായ  ഷെയ്ഖ് തഹ് നൂന്‍ബിന്‍ സെയ്യദ് അല്‍ നഹ്യാനാണ് ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലിന്‍റെ ഓഹരികള്‍ വാങ്ങിയത്. അബുദാബിയിലെ ബിസിനസ് പ്രമുഖനായ ഷെയ്ഖ് നഹ്യാന്‍ അബുദാബിയിലെ ആദ്യ ബാങ്കായ പി.ജെ.എസ്.സിയുടെ ചെയര്‍മാന്‍ കൂടിയാണ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ലുലു ഗ്രൂപ്പ് അധികൃതർ തയാറായിട്ടില്ല.

വിപണി കിംവദന്തികളെക്കുറിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് ലുലുവിന്റെ മുഖ്യ കമ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ പറഞ്ഞു. എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ ഒരു ഔദ്യോഗിക പ്രസ്താവന വഴി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃഖലകളിലൊന്നാണ് അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനുമായ ഷെയ്ഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള റോയൽ ഗ്രൂപ്പാണ് ലുലു ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ നിക്ഷേപം നടത്തിയതെന്നാണ് റിപ്പോർട്ട്. അബുദാബിയിലെ പ്രമുഖ ഇൻവെസ്റ്റിങ് കമ്പനിയാണ് റോയൽ ഗ്രൂപ്പ്. യു.എ.ഇ.യിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയർമാൻ കൂടിയാണ് ഷെയ്ഖ് തഹ് നൂൻ. അതേസമയം, ലുലുവിന്റെ നടത്തിപ്പിൽ റോയൽ ഗ്രൂപ്പ് പ്രത്യക്ഷമായി ഇടപെടില്ലെന്നാണ് സൂചന. യു.എ.ഇ.യും ഇന്ത്യയും ഉൾപ്പെടെ 22 രാജ്യങ്ങളിലായി 188 റീട്ടെയിൽ സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. 7.4 ബില്യൻ ഡോളറാണ് ലുലുവിന്റെ മുൻവർഷത്തെ വിറ്റുവരവ്.

ആരാണ് യൂസഫ് അലി ?

യുഎഇയിലും മറ്റ് ഗൾഫ് മേഖലകളിലും വൻകിട ബിസിനസുകൾ നടത്തുന്ന ഒരു കൂട്ടം ഇന്ത്യൻ ബിസിനസുകാരിൽ പ്രധാനിയാണ് യൂസഫ് അലി. സൗദി അറേബ്യയുടെ പ്രീമിയം റെസിഡൻസി ലഭിച്ച ആദ്യ ഇന്ത്യക്കാരനായ റീട്ടെയിൽ വ്യവസായി കൂടിയാണ് ഇദ്ദേഹം. ലുലു ഗ്രൂപ്പിന്റെ ചെയർമാനായ 64 കാരനായ യൂസഫ് അലി കഴിഞ്ഞ വർഷം ഫോബ്‌സ് മാസികയുടെ യുഎഇയിലെ ഏറ്റവും ധനികനായ പ്രവാസിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്.

യൂസഫ് അലിയുടെ വിജയ​ഗാഥ

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ചു സമ്പന്നരുടെ ആഗോള റാങ്കിങ്ങിലും യൂസഫലിയുണ്ട്. തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്. തൃശ്ശൂർ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൾ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബർ 15ന് ജനനം. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് അംഗമാകുന്ന ആദ്യ വിദേശി. നോർക റൂട്ട്സ് വൈസ് ചെയർമാൻ, കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിക്കുന്നു. നാട്ടിക മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ, ഗവ. ഫിഷറീസ് സ്‌കൂൾ, കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെറിയ പ്രായത്തിൽ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി. അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്സ് ജനറൽ സ്റ്റോറിൽ നിന്ന് തുടക്കം. പിന്നീട് കപ്പലിൽ ദുബായിലേക്ക്. പിന്നെ ലോകത്തെ ഏറ്റവും വലിയ വിതരണ കമ്പനിയുണ്ടാക്കി.

ലുലു ഗ്രൂപ്പിൽ അബുദാബി രാജകുടുംബം കൂടുതൽ നിക്ഷേപം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ നിറയുന്നത് ലുലു ഗ്രൂപ്പിന്റെ വിജയഗാഥയുടെ കരുത്താണ്. ജീവിതം കരുപിടിപ്പിക്കാൻ അബുദാബിയിലെത്തി രാജകുടുംബത്തിന്റെ കണ്ണും കരളുമായ വ്യവസായിയാണ് യൂസഫലി. പ്രതിസന്ധികളിൽ യുഎഇയ്ക്ക് വളർച്ചയുടെ പുതുവഴി കാട്ടിക്കൊടുത്തത് യൂസഫലിയാണ്. അതിജീവനത്തിന്റെ ജീവിത പാഠങ്ങളായി യുഎഇയ്ക്ക് അത്. അതുകൊണ്ടാണ് രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തായി യൂസഫലിയെന്ന നാട്ടികക്കാരൻ മാറിയത്.

1973ൽ ഡിസംബർ 31ന് ദുംറ എന്ന കപ്പലിൽ ദുബായ് തുറമുഖത്ത് ഇറങ്ങി. അഞ്ചു മണിക്കൂർ സഞ്ചരിച്ച് അന്നു രാത്രിതന്നെ അബുദാബിയിലെത്തി. കച്ചവടക്കാരനാകണം എന്നുതന്നെയായിരുന്നു ആഗ്രഹം. മണൽപ്പരപ്പു മാത്രമായിരുന്നു അന്ന് അബുദാബി. കുടുംബവകയായ കൊച്ചാപ്പ എം.കെ. അബ്ദുല്ലയുടെ അബുദാബിയിലെ കടയിൽ സഹായിയായി. ടെറസിനു മുകളിൽ ഉറക്കം. വെള്ളം കോരിയൊഴിച്ചു തറ തണുപ്പിച്ചായിരുന്നു പലപ്പോഴും കിടന്നിരുന്നത്. മുമ്പോട്ട് കുതിക്കാനുള്ള ഒന്നാമത്തെ പ്രചോദനം പ്രവാചകനായ മുഹമ്മദ് നബിയുടെ വാക്കുകളാണെന്നു യൂസഫലി പറയുന്നു. അശരണർക്ക് കൈതാങ്ങാകാൻ ഓടിയെത്തുന്നതും അതുകൊണ്ടാണ്. മതാപിതാക്കൾ കാട്ടിക്കൊടുത്ത വഴിയേയാണ് യാത്ര. 

സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരൻ സജ്ജനങ്ങളുടെ കൂടെയാകുന്നു എന്നാണു നബി പറഞ്ഞിരിക്കുന്നത്. സത്യസന്ധനായ കച്ചവടക്കാരൻ എന്നു പറഞ്ഞാൽ അതിനും അദ്ദേഹത്തിനൊരു നിർവചനമുണ്ട്. ആരെയും വഞ്ചിക്കാത്തവനും ചതിക്കാത്തവനും മോഷ്ടിക്കാത്തവനും തൂക്കത്തിൽ കളവു കാണിക്കാത്തവനുമാകണം. വിശ്വസ്തൻ എന്നാൽ കൊടുക്കൽ വാങ്ങലിൽ വിശ്വസ്തത കാണിക്കുന്നവനാണ്. കച്ചവടക്കാർ പലയിടത്തുനിന്നും കടം മേടിക്കും. ആ പണം അവർ കൃത്യമായി നൽകണം. യൂസഫലിയുടെ രണ്ടാമത്തെ പ്രചോദനം ഗാന്ധിജിയാണ്. ഉപഭോക്താവു രാജാവാണ് എന്നതാണല്ലോ ഗാന്ധിവചനം. ഉപഭോക്താവിന് ഇഷ്ടമുള്ള സാധനങ്ങൾ കൊടുക്കണമെന്നും യൂസഫലി പറയുന്നു. ഇങ്ങനെ നബിയേയും ഗാന്ധിജിയേയും മനസ്സിൽ ഉറപ്പിച്ചു നിർത്തിായണ് മുമ്പോട്ട് പോക്ക്.

പടിപടിയായി ഉയർന്നു. പിന്നീട് അദ്ദേഹം അൽതായബ് കോൾഡ് സ്റ്റോർ സ്വന്തമായി തുടങ്ങി. ഇപ്പോഴും അബുദാബിയിൽ ഈ കടയുണ്ട്. സ്വന്തമായി സാധനങ്ങൾ ഇറക്കുമതി ചെയ്ത് അടുത്തുള്ള ചെറുകിട ഷോപ്പുകൾക്കും മറ്റും വിതരണം ചെയ്യാനും തുടങ്ങി.ഇറക്കുമതിയും വിതരണവും വിൽപനയും ഒരു പോലെ വർധിച്ചതോടെ സൂപ്പർമാർക്കറ്റ് എന്ന ആശയം അവതരിപ്പിച്ചു. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നു. ഗൾഫ് യുദ്ധത്തിന്റെ സമയത്തായിരുന്നു. അതുവരെ സ്വരുക്കൂട്ടിയ മുഴുവൻ തുകയും ഇറക്കി കച്ചവടം വിപുലമാക്കാൻ തന്നെ യൂസഫലി തീരുമാനിച്ചു. അബുദാബി അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.
അബുദാബി എയർപോർട് റോഡിൽ ആദ്യ സൂപ്പർമാർക്കറ്റ് ഉയർന്നു. യുദ്ധം ഭയന്ന് സമ്പാദ്യമെല്ലാം വാരിക്കൂട്ടി പലരും നാടുകളിലേക്കു പലായനം ചെയ്യുന്ന സമയത്തായിരുന്നു ഇത്. യൂസഫലി ഏതായാലും അബുദാബി വിടാൻ തീരുമാനിച്ചില്ല. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടു കൂടിയ പരസ്യം നൽകിക്കൊണ്ട് ലുലു ഡിപ്പാർട്ട്മെന്റ് സ്റ്റോറിന് തുടക്കമിട്ടു. യുഎഇയുടെ രാഷ്ട്രപിതാവ് ഉയർന്നുവന്ന ഈ സൂപ്പർമാർക്കറ്റ് ശ്രദ്ധിച്ചതോടെ ജീവിതം മാറി മറിഞ്ഞു. അതിന്റെ ഉടമ യൂസഫലിയാണെന്ന് മനസിലാക്കി കൊട്ടാരത്തിലേക്കു വിളിപ്പിച്ചു.

യുദ്ധകാലത്ത് യൂസഫലി സംഭരിച്ച സാധങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. സംഭരണ സ്ഥലവും കോൾഡ് സ്റ്റോറേജ് സൗകര്യവും ഉണ്ടായിരുന്നതിനാൽ യൂസഫലിയുടെ കച്ചവടം പുതിയ തലത്തിലെത്തി. അങ്ങനെ യുദ്ധസമയം യൂസഫലിക്ക് നേട്ട കാലമായി. ഷെയ്ഖ് സായിദിന്റെ പ്രീതിയും ലഭിച്ചു. 2000ൽ വൈടുകെ വിഷയം ഉൾപ്പടെ കത്തിനിൽക്കുമ്പോഴാണ് ഒരു പ്രശ്‌നവുമില്ലെന്ന മട്ടിൽ യൂസഫലി ദുബായ് ഖിസൈസിൽ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചത്. ദുബായ്-ഷാർജ അതിർത്തിയിലുള്ള വിശാല മരുഭൂമിയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കുമ്പോൾ പലരും അതിശയിച്ചു.

ആളൊഴിഞ്ഞ പ്രദേശത്തും ലുലു വിജയമായി. പിന്നീട് ഹൈപ്പർമാർക്കറ്റുകളുടെ ഒരു നിര തന്നെ തുടങ്ങി. അങ്ങനെ ലുലു യുഎഇയിലെ നമ്പർ വണ്ണായി. അങ്ങനെ പ്രതിസന്ധി ഘട്ടത്തിൽ എല്ലാം അതിജീവനത്തിന്റെ ഉയർച്ചാ പാഠങ്ങളാണ് യുഎഇയിൽ ലുലുവും യൂസഫലിയും രചിച്ചത്. പതിയെ യൂറോപ്പിലേക്കും ബിസിനസ്സ് വ്യാപിപ്പിച്ചു. കേരളത്തിനും ഇന്ത്യയ്ക്കും മനസ്സിൽ പ്രത്യേക ഇടം നൽകിയ യൂസഫലി ലുലുവിന്റെ സ്ഥാപനങ്ങൾ പിറന്ന മണ്ണിലും സ്വന്തം രാജ്യത്തും വളർത്തി. 2013 മാർച്ചിൽ കൊച്ചി ഇടപ്പള്ളിയിൽ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യൻ റീട്ടെയിൽ രംഗത്തേക്കും ചുവടുവച്ചു. അങ്ങനെ വ്യവസായം കേരളത്തിലേക്കും വളർത്തി. പ്രധാനമന്ത്രി മോദി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരടക്കമുള്ളവരുമായി അടുത്ത ബന്ധവും യൂസഫലിക്കുണ്ട്. ഇതെല്ലാം ഇന്ത്യാ-ഗൾഫ് ബന്ധങ്ങളെ സ്വാധീനിക്കുന്ന തരത്തിലേക്ക് പോലും വളർന്നിരുന്നു.

ഇന്ന് ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചില്ലറ വ്യാപാര ശൃംഖലയാണ് ലുലു ഹൈപ്പർ മാർക്കറ്റ്. യൂസഫലി സ്ഥാപിച്ച 'എംകെ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണിത്. യൂസഫലി തന്നെയാണിതിന്റെ മാനേജിങ് ഡയറക്ടറും. ഗൾഫിലും ഇന്ത്യയിലുമായി 164 ലുലു ഹൈപർമാർക്കറ്റുകളാണുള്ളത്. ഏഷ്യയിലേത്തന്നെ വലിയ ചില്ലറ വ്യാപാര ശൃംഖലകളിലൊന്നാണ് ലുലു. എല്ലാ ലുലു ഹൈപർമാർക്കറ്റുകളിലുമായി, വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 57,000-ത്തോളം പേർ ജോലിയെടുക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved