വന്‍തോതില്‍ വായ്പകള്‍ എടുത്തു; പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി പരിതാപകരമെന്ന് ലോകബാങ്ക്

April 05, 2021 |
|
News

                  വന്‍തോതില്‍ വായ്പകള്‍ എടുത്തു; പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി പരിതാപകരമെന്ന് ലോകബാങ്ക്

വാഷിംഗ്ടണ്‍: പകര്‍ച്ചവ്യാധിക്കാലത്തെ ഉത്തേജന നടപടികള്‍ക്കായി വന്‍തോതില്‍ വായ്പകള്‍ എടുത്ത പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക മേഖല രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തീര്‍ത്തും പരിതാപകരമായതായി ലോകബാങ്ക്. പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുപ്പിന് വേണ്ടി നിക്ഷേപിക്കാന്‍ ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലാണ് മേഖലയിലെ രാജ്യങ്ങളെന്നും ലോകബാങ്ക് നിരീക്ഷിച്ചു. ജിഡിപിയിലെ ശരാശരി കടബാധ്യത 2019 അവസാനത്തിന് ശേഷം 9 ശതമാനം വര്‍ധിച്ച് 2021ല്‍ 55 ശതമാനത്തില്‍ എത്തിയതായി പശ്ചിമേഷ്യയുടെ സാമ്പത്തിക വീണ്ടെടുപ്പ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടില്‍ ലോകബാങ്ക് വ്യക്തമാക്കി.

ഈ വര്‍ഷം അവസാനത്തോടെ മേഖലയിലെ എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ വായ്പ ജിഡിപിയുടെ ശരാശരി 93 ശതമാനമായി അധികരിക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി. 2020ലെ 3.8 ശതമാനം സാമ്പത്തിക ഞെരുക്കത്തിന് ശേഷം 2021ല്‍ പശ്ചിമേഷ്യ വടക്കന്‍ ആഫ്രിക്ക മേഖല 2.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും എന്നാല്‍ പകര്‍ച്ചവ്യാധി സംഭവിച്ചിരുന്നില്ലെങ്കില്‍ മേഖലയിലുണ്ടാകേണ്ടിയിരുന്ന സാമ്പത്തിക വളര്‍ച്ചയേക്കാള്‍ 7.2 ശതമാനം അല്ലെങ്കില്‍ 227 ബില്യണ്‍ ഡോളര്‍ കുറവാണ് അതെന്നും ലോകബാങ്ക് അഭിപ്രായപ്പെട്ടു. 2019നെ അപേക്ഷിച്ച് മേഖലയുടെ ആളോഹരി ജിഡിപിയില്‍ ഈ വര്‍ഷം 4.7 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും ലോകബാങ്ക് പ്രവചിച്ചു.   

പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖല ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എന്നാല്‍ വാക്സിന്‍ വിതരണത്തിന്റെ പശ്ചാത്തലത്തില്‍ നേരിയ തോതിലുള്ള പ്രതീക്ഷ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് ലോകബാങ്കിലെ പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക പ്രാദേശിക വൈസ് പ്രസിഡന്റ് ഫെരീദ് ബെല്‍ഹജ് പറഞ്ഞു. നിര്‍ണായകമായ ആരോഗ്യസംരക്ഷണ നടപടികള്‍ക്കും സാമൂഹ്യ സംരക്ഷണ നടപടികള്‍ക്കുമായി മേഖലയിലെ സര്‍ക്കാരുകള്‍ വന്‍തോതിലാണ് വായ്പകള്‍ എടുത്തത്. നിരവധി ജീവനുകളും ജീവിതകളും രക്ഷിക്കാന്‍ അതിലൂടെ സാധിച്ചെങ്കിലും വായ്പകളും കുന്നുകൂടി. മാര്‍ച്ച് ആദ്യവാരം വരെയുള്ള കണക്കനുസരിച്ച്, മേഖലയില്‍ യുഎഇയാണ് ഏറ്റവുമധികം ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമാക്കിയത്. 63.5 ശതമാനം യുഎഇ നിവാസികളും വാക്സിനെടുത്തു. 30 ശതമാനം വാക്സിനേഷന്‍ നിരക്കുമായി ബഹ്റൈനും 12.2 ശതമാനം നിരക്കുമായി മൊറോക്കോയും 11.4 ശതമാനം നിരക്കുമായി ഖത്തറുമാണ് തുടര്‍സ്ഥാനങ്ങളില്‍. സൗദി അറേബ്യയില്‍ 2.2 ശതമാനമാണ് വാക്സിനേഷന്‍ നിരക്ക്.

Related Articles

© 2021 Financial Views. All Rights Reserved