ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്വറി വാഹനമായി മെര്‍സിഡീസ് ബെന്‍സ്

January 14, 2022 |
|
News

                  ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്വറി വാഹനമായി മെര്‍സിഡീസ് ബെന്‍സ്

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്വറി വാഹനമായി മെര്‍സിഡീസ് ബെന്‍സ്. 2021 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ഈ ബ്രാന്‍ഡാണ്. 11242 യൂണിറ്റുകളാണ് ഒറ്റ വര്‍ഷം മെര്‍സിഡീസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ വിറ്റത്. മുന്‍വര്‍ഷത്തേക്കാള്‍ 42.5 ശതമാനം അധികമാണിത്. ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള മികച്ച പ്രതികരണത്തിനു പിന്നാലെ കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ പുറത്തിറക്കാന്‍ തയാറെടുക്കുകയാണ് കമ്പനി. ഇന്ത്യയില്‍ തന്നെയാകും ഇത് നിര്‍മിക്കുക. കൂടാതെ പുതിയ എസ് ക്ലാസ് മേബാക്ക് മോഡലും ആകര്‍ഷകമായ ഓഫറുകളോടെ ഇന്ത്യന്‍ വിപണിയലെത്തിക്കുമെന്ന് കമ്പനി പറയുന്നു. 2021 ല്‍ ഇ ക്ലാസ് ആണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മെര്‍സിഡീസ് ബെന്‍സ് മോഡല്‍. ജിഎല്‍സി എസ് യു വി തൊട്ടുപിന്നിലുണ്ട്.

കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടി 2021 ബിഎംഡബ്ല്യുവും അവിസ്മരണീയമാക്കി. മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം വര്‍ധന നേടാനായി. 5191 മോട്ടോര്‍ സൈക്കിളുകളും 640 മിനിയും അടക്കം 8876 യൂണിറ്റുകളാണ് ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ വിറ്റത്. ഓഡി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത് 3293 യൂണിറ്റുകളാണ്. മുന്‍വര്‍ഷത്തെ വില്‍പ്പനയുടെ ഇരട്ടിയിലേറെ. പുതു തലമുറ ഓഡി ക്യു 7 ന്റെ ബുക്കിംഗ് കൂടി ഓഡി ആരംഭിച്ചിട്ടുണ്ട്.

അതേസമയം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, വോള്‍വോ എന്നിവയുടെ വില്‍പ്പന കഴിഞ്ഞ മാസം കുറഞ്ഞു. ടാറ്റാ മോട്ടോഴ്സിന് കീഴിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന് 154 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വില്‍ക്കാനായത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 194 യൂണിറ്റുകള്‍ വിറ്റിരുന്നു. വോള്‍വോയുടെ കഴിഞ്ഞ മാസത്തെ വില്‍പ്പന 117 യൂണിറ്റുകളായിരുന്നു. അതേസമയം പോര്‍ഷെയുടെ വില്‍പ്പന കഴിഞ്ഞ മാസം കൂടി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 32 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം 47 യൂണിറ്റുകള്‍ വില്‍ക്കാനായി. പ്രീമിയം ലക്ഷ്വറി ബ്രാന്‍ഡുകളായ റോള്‍സ് റോയ്സ്, ലംബോര്‍ഗിനി, ബെന്റ്ലി എന്നിവയുടെ വില്‍പ്പനയില്‍ കഴിഞ്ഞ മാസം നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved