
മുംബൈ: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഫെസ്റ്റീവ് സെയിലിന്റെ സമയം കഴിഞ്ഞപ്പോള്‍ നേട്ടമുണ്ടാക്കിയത് ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമി. 50 ലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് വിറ്റഴിച്ചത്. ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും ഒക്ടോബര്‍ 16 നാണ് ഫെസ്റ്റീവ് സെയില്‍ ആരംഭിച്ചത്, ഒക്ടോബര്‍ 22 ന് അവസാനിക്കുകയും ചെയ്തു.
ഏതാണ്ട് 15000ത്തോളം റീട്ടെയ്‌ലര്‍മാര്‍ വഴിയാണ് ഫോണുകള്‍ വിറ്റത്. ഇതിന് പുറമെ രാജ്യത്തെ 17000ത്തോളം പിന്‍ കോഡുകളിലേക്ക് ഫോണ്‍ എത്തിക്കാനും എംഐക്ക് സാധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റീട്ടെയ്‌ലര്‍മാരുടെ വില്‍പ്പന ഇക്കുറി ഇരട്ടിയായെന്ന് കമ്പനി പ്രതികരിച്ചു. മുന്‍പൊരിക്കലും മറ്റൊരു കമ്പനിക്കും നേടാനാവാത്തതാണ് ഈ നേട്ടമെന്നാണ് എംഐ അവകാശപ്പെടുന്നത്.
ഏറ്റവും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതെന്നും കമ്പനി പറഞ്ഞു. കൗണ്ടര്‍പോയിന്റ് റിസര്‍ചിന്റെ കണക്ക് പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 1.8 കോടിയായിരുന്നു ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന. ഇതില്‍ തന്നെ 52 ലക്ഷം യൂണിറ്റുകള്‍ എംഐയാണ് വിറ്റത്.