
ഹൈദരാബാദ്: ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലുതും നാലാമത്തേതുമായ ഡേറ്റ സെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കും. ഏകദേശം 275 കോടി രൂപയ്ക്ക് ഹൈദരാബാദില്‍ മൂന്ന് പ്രദേശങ്ങളിലായി സ്ഥലം വാങ്ങിച്ചു. മേക്കഗുഡയിലെ 22 ഏക്കര്‍ 40 കോടി രൂപയ്ക്കും ഷാദ്നഗറിലെ 41 ഏക്കര്‍ 164 കോടി രൂപയ്ക്കും ചന്ദന്‍വേലിയിലെ 52 ഏക്കര്‍ 72 കോടി രൂപയ്ക്കും കമ്പനി ഏറ്റെടുത്തു.
15000 കോടി രൂപയുടേതാണ് മൊത്ത നിക്ഷേപം. തെലങ്കാനയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത് (എഫ്ഡിഐ). 2025ല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പുണെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ മൈക്രോസോഫ്റ്റ് ഡേറ്റ സെന്ററുകളുണ്ട്. ക്ലൗഡ്, ഡേറ്റ സൊല്യൂഷന്‍സ്, നിര്‍മിത ബുദ്ധി, പ്രൊഡക്ടിവിറ്റി ടൂള്‍സ് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കും. ഇന്ത്യയിലെ മൈക്രോസോഫ്റ്റ് ഡാറ്റാസെന്റര്‍ മേഖലകള്‍ 5 വര്‍ഷത്തില്‍ (2016-2020) സമ്പദ്വ്യവസ്ഥയിലേക്ക് 9.5 ബില്യണ്‍ ഡോളര്‍ അധിക വരുമാനം സംഭാവന ചെയ്തിട്ടുണ്ട്.