
സോഫ്റ്റ്വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് ജീവനക്കാരെ സ്ഥിരമായി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുമെന്ന് യുഎസ് മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ മിക്ക മൈക്രോസോഫ്റ്റ് ജോലിക്കാരും ഇപ്പോഴും വീട്ടില്‍ തന്നെയിരുന്നാണ് ജോലി ചെയ്യുന്നത്. അടുത്ത വര്‍ഷം ജനുവരി വരെ യുഎസ് ഓഫീസുകള്‍ തുറക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ താത്പര്യമുള്ള ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് സ്ഥിരമായി ജോലി ചെയ്യാവുന്നതാണ്.
എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് ഓഫീസ് സ്ഥലം ഉപേക്ഷിക്കേണ്ടി വരും. ബിസിനസ്സ് ആവശ്യങ്ങള്‍ സന്തുലിതമാക്കുകയും വ്യക്തിഗത വര്‍ക്ക്‌സ്‌റ്റൈലുകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന രീതിയാണ് മൈക്രോസോഫ്റ്റ് പിന്തുടരാന്‍ ശ്രമിക്കുന്നത്. സ്ഥിരമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് അവരുടെ മാനേജര്‍മാരുടെ അനുമതി ആവശ്യമാണെന്നും എന്നാല്‍ ആഴ്ചയില്‍ 50 ശതമാനത്തില്‍ താഴെ ദിവസം മാത്രമേ ഓഫീസിന് പുറത്ത് അനുമതിയില്ലാതെ ജോലി ചെയ്യാന്‍ കഴിയബവെന്നും വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.
മൈക്രോസോഫ്റ്റിന്റെ ലാബുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ജീവനക്കാരെ പരിശീലിപ്പിക്കുന്നവര്‍ക്കും മറ്റും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കില്ല. പുതിയ പരിഷ്‌കാരം വഴി തങ്ങളുടെ തൊഴിലാളികള്‍ക്ക് അമേരിക്കയിലുടനീളം അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേയ്ക്കും താമസം മാറ്റാന്‍ കഴിയുമെന്നും ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.
സ്ഥലം മാറുന്നവര്‍ക്ക് അവര്‍ പോകുന്നിടത്തെ ആശ്രയിച്ച് അവരുടെ ശമ്പളം മാറും. കൂടാതെ കമ്പനി ജീവനക്കാരുടെ ഹോം ഓഫീസുകള്‍ക്കുള്ള ചെലവുകള്‍ വഹിക്കുമെങ്കിലും, പുന:സ്ഥാപന ചെലവുകള്‍ വഹിക്കില്ല. സെക്യൂരിറ്റീസ് ഫയലിംഗ് അനുസരിച്ച് ജൂണ്‍ അവസാനത്തോടെ മൈക്രോസോഫ്റ്റില്‍ 163,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ 96,000 പേര്‍ യുഎസിലാണ് ജോലി ചെയ്യുന്നത്.
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ചില പ്രമുഖ ടെക് സ്ഥാപനങ്ങള്‍ ഇതിനകം തന്നെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നത് സ്ഥിരമാക്കിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ പകുതി ജീവനക്കാരും അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ സ്ഥിരമായി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.