
ന്യൂഡല്‍ഹി: ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ അറബ് രാജ്യങ്ങളുടെ വിഹിതം കുത്തനെ കുറഞ്ഞു. വ്യാപാര സ്രോതസ്സുകളില്‍ നിന്നുള്ള ടാങ്കര്‍ വിവരങ്ങള്‍ അനുസരിച്ച് മെയില്‍ പശ്ചിമേഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി 25 മാസത്തെ താഴ്ചയിലെത്തി. വിതരണ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ഇന്ത്യന്‍ റിഫൈനറികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ധന ഇറക്കുമതി വര്‍ധിപ്പിച്ചതാണ് അറബ് വിഹിതം കുറയാനുള്ള പ്രധാന കാരണമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവരാനുള്ള ഇന്ത്യയുടെ ആവശ്യം ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് അവഗണിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചില്‍, ലോകത്തിലെ മൂന്നാമത്തെ വലിയ ഇന്ധന ഉപഭോക്താവായ ഇന്ത്യ ഇന്ധന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ രാജ്യത്തെ റിഫൈനറികളോട് ആവശ്യപ്പെട്ടിരുന്നു. മെയില്‍ പ്രതിദിനം 4.2 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഏപ്രിലിനേക്കാള്‍ എണ്ണ ഇറക്കുമതിയില്‍ നേരിയ കുറവുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 31.5 ശതമാനം അധികമാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം പശ്ചിമേഷ്യയില്‍ നിന്നുള്ള ഇന്ധന വിഹിതത്തില്‍ മെയില്‍ 52.7 ശതമാനം കുറവുണ്ടായി. 2019 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതി നിരക്കാണിത്. മാത്രമല്ല ഏപ്രിലില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത പശ്ചിമേഷ്യന്‍ എണ്ണയേക്കാള്‍ 67.9 ശതമാനം കുറവാണിത്. ഇറാഖിന് ശേഷം ഇന്ത്യയുടെ ഏറ്റവും വലിയ ഇന്ധന ദാതാവായ സൗദി അറേബ്യയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി ചുരുങ്ങി. അതേസമയം ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ മൂന്നാംസ്ഥാനത്ത് നിന്നും എപ്രിലില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യുഎഇയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മെയില്‍ 39 ശതമാനം കുറഞ്ഞെന്നും ടാങ്കര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികള്‍ മെയില്‍ സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ വിഹിതം കാര്യമായി വെട്ടിക്കുറച്ചിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള എണ്ണയുടെ അളവ് കുറഞ്ഞതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിലെ ഒപെക് വിഹിതത്തില്‍ റെക്കോഡ് കുറവുണ്ടായി.