സംഭരിക്കാന്‍ കഴിയാത്ത പാല്‍ വിതരണം ചെയാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറായി

May 22, 2021 |
|
News

                  സംഭരിക്കാന്‍ കഴിയാത്ത പാല്‍ വിതരണം ചെയാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറായി

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ക്ഷീര കര്‍ഷകരില്‍ നിന്നു സംഭരിക്കാന്‍ കഴിയാത്ത പാല്‍, അങ്കണവാടികള്‍ക്കും കോവിഡ് കേന്ദ്രങ്ങളിലേക്കും വിതരണം നടത്തുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി. ഇതിലൂടെ 1.50 ലക്ഷം ലീറ്റര്‍ പാല്‍ വില്‍ക്കാന്‍ കഴിയുമെന്നാണു മില്‍മയുടെ പ്രതീക്ഷ. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവു വരുത്തുന്നതോടെ ക്ഷീര കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണം സാധാരണ നിലയിലാകുമെന്നാണു മില്‍മ കരുതുന്നത്.

ചീഫ് സെക്രട്ടറി, ക്ഷീര വികസന സെക്രട്ടറി, മില്‍മ എംഡി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം.  വയോജന കേന്ദ്രങ്ങള്‍, ദുരിതാശ്വാസ ക്യാംപുകള്‍, അതിഥി തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കും പാല്‍ നല്‍കാനാണു തീരുമാനം. കലക്ടര്‍മാര്‍ ചെയര്‍മാനായ മാനേജ്‌മെന്റ് കമ്മിറ്റിക്കാണു പാല്‍ വില്‍ക്കുന്നതിന്റെ ചുമതല. കമ്മിറ്റി വഴി മില്‍മയ്ക്കു പാല്‍ വില്‍പന തുക കൈമാറുന്നതു സംബന്ധിച്ചും ധാരണയായി.

ലോക്ഡൗണ്‍, ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്നിവയെ തുടര്‍ന്ന് സംസ്ഥാനത്ത് പാല്‍ വിതരണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. സംഭരണം, പ്രതിദിന വില്‍പന എന്നിവയ്ക്കു ശേഷം 4.50 ലക്ഷം ലീറ്റര്‍ പാലാണ് മില്‍മയ്ക്ക് ബാക്കി വന്നിരുന്നത്. അങ്കണവാടികള്‍ക്കും മറ്റുമായി 1.50 ലക്ഷം ലീറ്റര്‍ പാല്‍ വിതരണത്തിനു ശേഷം ബാക്കിയുള്ളത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ എത്തിച്ച് പാല്‍പ്പൊടിയാക്കാനാണ് മില്‍മയുടെ തീരുമാനം.

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നു പാല്‍ ബൂത്തുകള്‍ക്കും മറ്റും ഇളവ് അനുവദിച്ചതിനാല്‍ വില്‍പന നേരിയതോതില്‍ കൂടിയിട്ടുണ്ടെന്നു മില്‍മ ചെയര്‍മാന്‍ പി.എ.ബാലന്‍ അറിയിച്ചു. ക്ഷീര കര്‍ഷകരെ സഹായിക്കാനായി, സാമ്പത്തിക ശേഷിയുള്ള ഉപഭോക്താക്കള്‍ പ്രതിദിനം കുറഞ്ഞത് അര ലീറ്റര്‍ വീതം പാല്‍ അധികമായി വാങ്ങണമെന്ന മില്‍മയുടെ അഭ്യര്‍ഥനയോട് (മില്‍ക്ക് ചാലഞ്ച്), ആദ്യ ദിനം മികച്ച പ്രതികരണമാണ് ഉണ്ടായത്.

Related Articles

© 2025 Financial Views. All Rights Reserved