എംഎസ്എംഇ ക്രെഡിറ്റ് ഹെല്‍ത്ത് സൂചികയ്ക്ക് തുടക്കമായി; ഇനി കൃത്യമായ വിവരങ്ങള്‍ അറിയാം

November 03, 2020 |
|
News

                  എംഎസ്എംഇ ക്രെഡിറ്റ് ഹെല്‍ത്ത് സൂചികയ്ക്ക് തുടക്കമായി; ഇനി കൃത്യമായ വിവരങ്ങള്‍ അറിയാം

കൊച്ചി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയുടെ വായ്പാ സ്ഥിതിഗതികള്‍ വിലയിരുത്താനായുള്ള എംഎസ്എംഇ ക്രെഡിറ്റ് ഹെല്‍ത്ത് സൂചികയ്ക്ക് തുടക്കമായി. ട്രാന്‍സ്യൂണിയന്‍ സിബിലും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേര്‍ന്നാണ് പുതിയ സൂചിക പുറത്തിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍, നയരൂപീകരണ രംഗത്തുള്ളവര്‍, വായ്പാദാതാക്കള്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ പങ്കാളികള്‍ തുടങ്ങിയവര്‍ക്ക് വിശ്വസനീയമായ കൃത്യമായ വിവരങ്ങള്‍ നല്‍കാനാണ് ഇതിലൂടെ ഉദ്ദേശം.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്ക് വായ്പ നല്‍കുന്നത് കൃത്യമായ ആസൂത്രണം ചെയ്യാനും അതിനായുളള തന്ത്രങ്ങളും മാറ്റങ്ങളും വരുത്താനും സൂചിക സഹായിക്കും. 2018 മാര്‍ച്ച് മുതല്‍ 2020 ജൂണ്‍ വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സൂചികയുടെ ആദ്യ പതിപ്പ്. ദേശീയ തലത്തില്‍ ലഭ്യമായ ഈ സൂചിക ഘട്ടംഘട്ടമായി വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയുമായി ബന്ധപ്പെട്ട നയങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാനും കൃത്യമായ ഇടപെടലുകള്‍ നടത്താനും ആവശ്യമായ വിവരങ്ങള്‍ നല്‍കുന്ന പുതിയൊരു സ്രോതസാണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം സെക്രട്ടറി ഡോ. ഛത്രപതി ശിവജി ചൂണ്ടിക്കാട്ടി.

നേരത്തെ, കേരളത്തിലെ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പാ വിതരണം ഫെബ്രുവരിയിലേതിനെ അപേക്ഷിച്ച് നാലു മടങ്ങായെന്ന് ജൂണിലെ കണക്കുകള്‍ ആധാരമാക്കി സിബില്‍ അറിയിച്ചിരുന്നു. കേരളത്തിന് പുറമെ ബീഹാര്‍, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഇതേ തോതിലുള്ള വളര്‍ച്ചയുണ്ടായി. നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തില്‍ 2019 ജൂണിലെ 11.4 ശതമാനത്തെ അപേക്ഷിച്ച് 2020 ജൂണില്‍ 12.8 ശതമാനം വര്‍ധനവ് സംഭവിച്ചു.

വളരെ ചെറിയ വിഭാഗങ്ങള്‍ ഒഴികെ എല്ലാ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലകളിലും ഇടിവുണ്ടായെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. ഇതേസമയം, മെയ് മാസത്തില്‍ അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി പ്രകാരമുള്ള വായ്പകള്‍ നല്‍കാന്‍ തുടങ്ങിയത് സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലയില്‍ തിരിച്ചു വരവിനു വഴിയൊരുക്കി. പൊതു മേഖലാ ബാങ്കുകളുടെ ഈ മേഖലയിലെ വായ്പാ വിതരണം ഫെബ്രുവരിയിലേതിന്റെ 2.6 മടങ്ങായെന്ന് ജൂണ്‍ മാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved